
ദോഹ: വിശുദ്ധ ഖുർആൻ പരായണവും മനഃപാഠമാക്കലും ചിന്താശകലങ്ങളും കൂടുതൽ ലളിതവും ആത്മീയനിർഭരവുമാക്കാൻ 'മുസ്ഹഫ് ഖത്തർ' (Mushaf Qatar) മൊബൈൽ ആപ്ലിക്കേഷൻ അത്യാധുനിക എ.ഐ (Artificial Intelligence) സാങ്കേതികവിദ്യയോടെ പുതുക്കി അവതരിപ്പിച്ചു. ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഖുർആൻ പ്രേമികൾക്കായി ഈ ഡിജിറ്റൽ ഉപഹാരം സമർപ്പിച്ചത്.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി വിശ്വാസികൾക്ക് ആത്മീയ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നവീകരണം.വിശുദ്ധ ഖുർആനിലെ സൂക്തങ്ങളുടെ അർത്ഥങ്ങൾ, തഫ്സീറുകൾ (വ്യാഖ്യാനങ്ങൾ), സംശയങ്ങൾ എന്നിവ തൽസമയം ചോദിച്ചറിയാനും എളുപ്പത്തിൽ മനസ്സിലാക്കാനും എ.ഐ അസിസ്റ്റന്റ് സഹായിക്കുന്നു.ഖുർആൻ മനഃപാഠമാക്കുന്നവർക്കും ദിനേന കൃത്യമായി റിവിഷൻ നടത്തുന്നവർക്കും ഓരോ ആയാത്തുകളുടെയും വിവരങ്ങൾ നൽകാനും പഠനപുരോഗതി സ്വയം വിലയിരുത്താനുമുള്ള സംവിധാനം.ലോകപ്രശസ്തരായ ഖുർആൻ പണ്ഡിതരുടെയും ഖത്തറിലെ പ്രമുഖ ഖാരിഉകളുടെയും ഹൃദയഹാരിയായ ശബ്ദത്തിലുള്ള പാരായണങ്ങൾ ലഭ്യമാണ്.തബ്‌രി, ഇബ്‌നു കഥീർ, ഖുർത്വുബി തുടങ്ങിയ മഹാന്മാരായ തഫ്സീർ പണ്ഡിതന്മാരുടെ ആധികാരിക വിവരണങ്ങൾ ഒറ്റ ക്ലിക്കിൽ വായിക്കാം.ദിക്‌റുകൾക്കായി ഡിജിറ്റൽ തസ്ബീഹ് കൗണ്ടർ, കൃത്യമായ ഖിബ്‌ല ദിശ അറിയാനുള്ള സൗകര്യം, അടുത്ത നമസ്‌കാര സമയത്തിലേക്കുള്ള ലൈവ് കൗണ്ട്‌ഡൗൺ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിശുദ്ധ ഗ്രന്ഥത്തെ കൂടുതൽ അടുത്തറിയാനും, ദിനേനയുള്ള ആത്മീയ ജീവിതത്തെ സമ്പന്നമാക്കാനും ഈ ആപ്ലിക്കേഷൻ ഉപകരിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഖാലിദ് ഷഹീൻ അൽ ഗാനിം വ്യക്തമാക്കി.
വിശുദ്ധ ഖുർആന്റെ സന്ദേശം ജനങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിനും, ആത്മീയ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റുന്നതിനുമുള്ള ഔഖാഫ് മന്ത്രാലയത്തിന്റെ തുടർപദ്ധതികളുടെ ഭാഗമായാണ് ഈ ആപ്പ് അവതരിപ്പിച്ചത്.










