03:24am 06 August 2026
NEWS
പത്തനംതിട്ട ജില്ലയിലും നാളെ അവധി
04/08/2026  07:02 PM IST
nila
പത്തനംതിട്ട ജില്ലയിലും നാളെ അവധി

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നാളെയും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ നാളെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. 

പത്തനംതിട്ടക്ക് പുറമേ ഇടുക്കി, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. പ്രൊഫഷണൽ കോളജുകൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകളും റെസിഡൻഷ്യൽ കോളജുകളും പതിവുപോലെ പ്രവർത്തിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചുരങ്ങളിൽ ഗതാഗത നിയന്ത്രണം; അത്യാവശ്യ യാത്രകൾ മാത്രം

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നതിനാൽ താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരങ്ങളിലൂടെയുള്ള യാത്രകൾ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം നടത്തണമെന്നും യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു.

വയനാട് ജില്ലയിലും ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി അത്യാവശ്യ ആവശ്യങ്ങൾക്കായി മാത്രം പുറത്തിറങ്ങണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.

8 ജില്ലകളിൽ റെഡ് അലർട്ട്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.


എറണാകുളത്ത് ഖനനത്തിന് വിലക്ക്

മഴ ശക്തമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ വ്യാഴാഴ്ച വരെ ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

നദികളിൽ മുന്നറിയിപ്പ്

കേന്ദ്ര ജല കമ്മീഷൻ അച്ചൻകോവിൽ, മീനച്ചിലാർ നദികളിൽ ഓറഞ്ച് അലർട്ടും, കരമന, പമ്പ, കരുവന്നൂർ, ഗായത്രി പുഴ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മഴ എട്ടാം തീയതി വരെ തുടരും

സംസ്ഥാനത്ത് ഓഗസ്റ്റ് 8 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴക്കെടുതിയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 25 പേർക്ക് ജീവൻ നഷ്ടമായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ദുരന്തസാധ്യതയുള്ള മേഖലകളിൽ കഴിയുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img