
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്റ് വെൽഫെയർ യു.പി. സ്‌കൂൾ എന്നീ സ്‌കൂളുകൾക്കും വെള്ളിയാഴ്ച (2025 ജൂൺ 20) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്‌ർ. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്ളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്‌ടർ അറിയിച്ചു.
തൃശ്ശൂർ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 20) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല. അതേസമയം കനത്ത മഴയിൽ പുന്നയൂർക്കുളത്തെ പുന്നയൂർ പഞ്ചായത്തിലെ ഏഴാം വാർഡ് അവിയൂർ പനന്തറ എസ് സി കോളനിയിൽ 40 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനോ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കാനോ പഞ്ചായത്ത് തയാറായിട്ടില്ലെന്ന് കോളനി നിവാസികൾ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകണമെങ്കിൽ പത്ത് കിലോമീറ്റർ അപ്പുറത്തുള്ള കടപ്പുറം പഞ്ചായത്തിലെ സർക്കാർ ക്യാമ്പിലേക്ക് പോയിക്കൊള്ളാൻ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞതായും ദുരിതബാധിതർ ആരോപിച്ചു.
Photo Courtesy - Google











