
കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (നാളെ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട്ടിൽ ജൂലൈ 29, 30 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
പുഴകൾ, തോടുകൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുതെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.
ഒഡിഷയ്ക്ക് സമീപം രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.









