10:43am 25 August 2026
NEWS
പണിമുടക്കിന് പിന്നാലെ അവധിയും;സെപ്റ്റംബറിൽ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി തടസ്സപ്പെട്ടേക്കും
25/08/2026  08:43 AM IST
NILA
പണിമുടക്കിന് പിന്നാലെ അവധിയും;സെപ്റ്റംബറിൽ ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി തടസ്സപ്പെട്ടേക്കും

ന്യൂഡൽഹി∙ രാജ്യത്ത് വീണ്ടും നീണ്ട ബാങ്ക് അവധിക്ക് സാധ്യത. ജീവനക്കാരുടെ പണിമുടക്കും പൊതുഅവധികളും ഒന്നിച്ചെത്തുന്നതോടെയാണ് ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി തടസ്സപ്പെടുന്നത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്ന ശുപാർശ രണ്ടര വർഷമായിട്ടും നടപ്പാക്കാത്തതടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ സമരം.

ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11, 28, 29, 30 തീയതികളിലാണ് ആദ്യഘട്ട പണിമുടക്ക്. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സംഘടന അറിയിച്ചു.

സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് പണിമുടക്ക്. പിന്നാലെ ശനി, ഞായർ ദിവസങ്ങളിലെ അവധിയും എത്തുന്നതോടെ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14ന് വിനായകചതുർഥി അവധിയായതിനാൽ നാല് ദിവസം വരെ ബാങ്ക് പ്രവർത്തനം തടസ്സപ്പെടാനിടയുണ്ട്.

രണ്ടാം ഘട്ടത്തിൽ സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് പണിമുടക്ക്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ പണിമുടക്കിനൊപ്പം നാലാം ശനിയും ഞായറും ചേരുന്നതോടെ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം നിലയ്ക്കും.

സമരത്തിന്റെ മുന്നോടിയായി ഇന്ന് മുതൽ സെപ്റ്റംബർ 10 വരെ ജീവനക്കാർ നിശ്ചിത ഡ്യൂട്ടി സമയത്ത് മാത്രമേ ജോലി ചെയ്യുകയുള്ളൂ. പ്രതിഷേധത്തിന്റെ ഭാഗമായി ഔദ്യോഗിക വാട്സാപ് ഗ്രൂപ്പുകളിൽനിന്ന് ജീവനക്കാർ പുറത്തുപോകുമെന്നും സംഘടനകൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img