
കൊച്ചി: എച്ച്.എം.പി.വി വൈറസ് പുതിയതോ പുതിയ മഹാമാരിയോ അല്ലെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യമില്ലെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം, ഐ.എം.എ കൊച്ചി സയിന്റിഫിക് കമ്മിറ്റി ചെയര്‍മാനും മുഖ്യവക്താവുമായ ഡോ. രാജീവ് ജയദേവന്, ഡോ. എം. ഐ ജുനൈദ് റഹ്മാന്, ഐ.എ.പി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത്, ഐ.എ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം. നാരയണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എച്ച്.എം.പി.വി വൈറസ് കൊവിഡ് 19 ന് സമാനമാണെന്ന രീതിയിലുള്ള പ്രചാരണം അനാവശ്യമാണ്. കൊവിഡിനു മുന്നേ ഈ വൈറസുള്ളതാണ്. ഇത് ചൈനയില്‍ നിന്നു വന്നതോ പുതിയ വൈറസോ അല്ല. ഇത്തരത്തില്‍ അനാവശ്യമായി ഭീതി പരത്തുന്നത് അവസാനിപ്പിക്കണം. എച്ച്.എം.പി. വി വൈറസ് പതിറ്റാണ്ടുകളായി ഈ ഭൂമുഖത്തുള്ളതും പലപ്പോഴായി എല്ലാവരെയും തന്നെ ബാധിച്ചിട്ടുള്ളതുമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജലദോഷം പരത്തുന്ന വൈറസുകളുടെ പട്ടികയില്‍ വരുന്നതാണ് എച്ച്.എം.പി.വി വൈറസ്. ഇതിനെ കൊവിഡുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. രണ്ടും രണ്ടാണ്. കൊവിഡ് ബാധിച്ചാല്‍ ക്വാറണ്ടൈനില് കഴിയുന്നതുപോലെയൊന്നും ഇതിന് ആവശ്യമില്ല. പരമാവധി ഏഴു ദിവസം കൊണ്ട് രോഗം സുഖമാകും. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ പലയിടത്തായി എച്ച്.എം.പി.വി വൈറസ് ബാധിച്ച 16 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് തങ്ങളുടെ പല ഡോക്ടര്‍മാരും പറഞ്ഞിട്ടുണ്ട്. ഇന്‍ഫുളുവന്‍സ,എച്ച് വണ്‍ എന്‍ വണ്‍, അടക്കമുള്ള വൈറസുകളെ പരിശോധനയില്‍ കണ്ടെത്തുന്നതിനൊപ്പം എച്ച്.എം.പി.വി വൈറസും കണ്ടെത്തിയിട്ടുള്ളതാണ്. പുതിയതായി കണ്ടെത്തിയത് എന്നു പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. ആസ്മ, അലര്‍ജി,ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്കു മാത്രമായിരിക്കും എച്ച്.എം.പി.വി വൈറസ് അല്‍പ്പം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ആശുപത്രി വാസം വേണ്ടിവരികയും ചെയ്യുക. അല്ലാത്തവരില്‍ ഇത് വന്നു പോകുന്നത് പോലും ആരും അറിയില്ല. ഇപ്പോള്‍ തന്നെ പലരിലും ഇത് വന്നു പോയിട്ടുമുണ്ടാകും. ഇതിന്റെ ഫലമായി ആന്റി ബോഡിയും നമ്മുടെ ശരീരത്തില്‍ രൂപം കൊണ്ടു കാണും. എച്ച്. എം.പി.വി വൈറസിനെതിരെ നിലവില്‍ പ്രത്യേക മരുന്നുകളോ, വാക്സിനുകളോ ഇല്ല. അത്രയും ഗുരുതരമല്ലാത്തതിനാലാണ് വാക്സിനിലേക്കൊന്നും പോകാത്തത്. ശ്വാസകോശ രോഗമുള്ളവരെയും കുട്ടികളെയും പ്രായമാവരെയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. അവര്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ മതി. പനിയും ജലദോഷവും ചുമയും ഉള്ളവര്‍ പരമാവധി ആള്‍ക്കുട്ടങ്ങളില്‍ പോകാതിരിക്കുക. മാസ്ക്ക് ധരിക്കുക, കൈകള്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. ശൈത്യകാലത്താണ് എച്ച്.എം.പി.വി വൈറസ് ബാധ വര്‍ധിക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ ശൈത്യകാലമാണ്. ജലോദോഷം വന്നാല്‍ പോലും അവിടുള്ളവര്‍ വലിയ ആശുപത്രികളിലാണ് ചികില്‍സ തേടുന്നത്. ഒപ്പം ഐ.വി ഇടുന്നതും ശീലമാണ്. ശൈത്യകാലത്ത് ചൈനയില്‍ ആശുപത്രികളില്‍ വലിയ തിരക്കാണ്. ഇതിന്റെയെല്ലാം ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ വീണ്ടും മഹാമാരി വരുന്നുവെന്ന് കാട്ടി അനാവശ്യ ഭീതി പരത്തി പ്രചരിപ്പിക്കുന്നതെന്നും ഇത് കണ്ട് ആരും ഭയചകിതരാകേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ. എം. എം ഹനീഷ്, ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. സച്ചിന് സുരേഷ്, ട്രഷറര്‍ ഡോ. ബെന്‍സീര്‍ ഹുസൈന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍: എച്ച്.എം.പി.വി വൈറസില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിക്കുന്നതിനായി ഐഎംഎ കൊച്ചിയുടെ നേതൃത്വത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐ.എം.എ കൊച്ചി സയിന്റിഫിക് കമ്മിറ്റി ചെയര്‍മാനും മുഖ്യവക്താവുമായ ഡോ. രാജീവ് ജയദേവന് സംസാരിക്കുന്നു. ഡോ. എം. നാരയണന്,ഡോ. സച്ചിന് സുരേഷ്, ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. ജേക്കബ്ബ് എബ്രഹാം, ഡോ. എം. ഐ ജുനൈദ് റഹ്മാന്, ഡോ. എം. എം ഹനീഷ്, ഡോ. ബെന്‍സീര്‍ ഹുസൈന് എന്നിവര്‍ സമീപം











