
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന് (HMC) കീഴിലുള്ള അൽ വക്ര ആശുപത്രിയിലെ (AWH) യൂറോളജി വിഭാഗത്തിന് രാജ്യാന്തര തലത്തിൽ വീണ്ടും ആദരം. വൃക്കയിലെ കല്ല് സംബന്ധമായ രോഗങ്ങളുടെ അത്യാധുനിക ചികിൽസയിൽ അമേരിക്കയിലെ പ്രശസ്തമായ 'സർജിക്കൽ റിവ്യൂ കോർപ്പറേഷൻ' (SRC) നൽകുന്ന 'സെന്റർ ഓഫ് എക്സലൻസ് ഫോർ കിഡ്നി സ്റ്റോൺ മാനേജ്‌മെന്റ്' (COEKSM) അക്രഡിറ്റേഷൻ അൽ വക്ര ആശുപത്രി വീണ്ടും സ്വന്തമാക്കി. 2026 ജൂൺ മുതൽ 2029 വരെയുള്ള കാലയളവിലേക്കാണ് ഈ അംഗീകാരം.
കൂടാതെ, ആശുപത്രിയിലെ എട്ട് വിദഗ്ദ്ധ യൂറോളജിസ്റ്റുകൾക്ക് 'സർജൻസ് ഓഫ് എക്സലൻസ്' (Surgeons of Excellence) എന്ന പ്രത്യേക അംഗീകാരവും ലഭ്യമായിട്ടുണ്ട്.അമേരിക്കൻ അക്രഡിറ്റേഷൻ ഏജൻസിയായ SRC-യിൽ നിന്ന് തുടർച്ചയായ മികവിനുള്ള സെന്റർ ഓഫ് എക്സലൻസ് അംഗീകാരം.കൃത്യവും ഉയർന്ന നിലവാരമുള്ളതുമായ രോഗീപരിപാലനം മുൻനിർത്തി 2019-ലാണ് അൽ വക്ര ആശുപത്രി യൂറോളജി വിഭാഗത്തിന് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നത്. രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിൽ തങ്ങളുടെ ടീം കാണിക്കുന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് അൽ വക്ര ആശുപത്രി സി.ഇ.ഒയും മെഡിക്കൽ ഡയറക്ടറുമായ ഡോ. ഉമർ മുഹമ്മദ് അൽ ഖഹ്താനി പറഞ്ഞു.
മേഖലയിലെ ഏറ്റവും മികച്ച യൂറോളജിക്കൽ പരിചരണം നൽകുന്ന സ്ഥാപനമെന്ന എച്ച്.എം.സിയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ പുരസ്കാരമെന്ന് എച്ച്.എം.സി യൂറോളജി വിഭാഗം മേധാവി ഡോ. ഖാലിദ് അൽ റുമൈഹി പ്രതികരിച്ചു.










