എയ്ഡ്സ് ബാധിതയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

എയ്ഡ്സ് ബാധിതയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. ഇവിടെയുള്ള ഒരു അഭയകേന്ദ്രത്തിലെ അന്തേവാസിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രധാന പ്രതി അമിത് അങ്കുഷ് വാഗ്മേരയാണ് അറസ്റ്റിലായത്. അഭയകേന്ദ്രത്തിന്റെ സ്ഥാപകൻ ഉൾപ്പെടെ അഞ്ചുപേർ നേരത്തേ അറസ്റ്റിലായിരുന്നു.
അഭയകേന്ദ്രത്തിൽ രണ്ടുവർഷത്തിലേറെയായി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ഗർഭം അലസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 ജൂലായ് 13-നും ഈ വർഷം ജൂലായ് 23-നും ഇടയിലാണ് സംഭവമെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. അഭയകേന്ദ്രത്തിലെ ഒരു ജീവനക്കാരൻ പരാതിക്കാരിയെ നാലുതവണ ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അസുഖം കൂടിയതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.











