08:55pm 01 December 2025
NEWS
കേരളത്തിൽ 15–24 വയസ്സുകാരിൽ എച്ച്‌ഐവി വൈറസ് ബാധ ഉയരുന്നു
30/11/2025  10:43 AM IST
nila
കേരളത്തിൽ 15–24 വയസ്സുകാരിൽ എച്ച്‌ഐവി വൈറസ് ബാധ ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 15 മുതൽ 24 വയസ്സുവരെയുള്ള യുവാക്കളിൽ എച്ച്‌ഐവി ബാധ തുടർച്ചയായി ഉയരുന്നുവെന്ന് റിപ്പോർട്ട്.  സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പുതിയ റിപ്പോർട്ടിലാണ് ആശങ്കാജനകമായ വിവരങ്ങളുള്ളത്. 2022-ൽ സംസ്ഥാനത്തെ ആകെ രോഗികളിൽ 9 ശതമാനം പേർ ഈ പ്രായക്കാർ ആയപ്പോൾ, 2023-ൽ അത് 12ശതമാനം ആയി. 2024-ൽ 14.2 ശതമാനമായി ഉയർന്ന ഈ നിരക്ക് 2025 ഏപ്രിൽ–ഒക്‌ടോബർ കാലയളവിൽ 15.4 ശതമാനമായി കുതിച്ചുയർന്നു.

റിപ്പോർട്ട് പ്രകാരം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, സൂചി പങ്കിട്ടുള്ള മയക്കുമരുന്ന് ഉപയോഗം എന്നിവയാണ് യുവാക്കളിൽ രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങൾ. “ഒറ്റത്തവണ പോലും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഗുരുതരമായ അപകടങ്ങൾ വരുത്താം” എന്ന മുന്നറിയിപ്പും സൊസൈറ്റി നൽകുന്നു.

അതേസമയം, ശരിയായ വിലാസമോ ബന്ധപ്പെടാനുള്ള വിവരങ്ങളോ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് ജോലി ചെയ്യുന്ന വിദേശ സംസ്ഥാന തൊഴിലാളികളുടെ തുടർചികിത്സ ഉറപ്പാക്കുന്നതിൽ വെല്ലുവിളികൾ തുടരുന്നു.

കേരളത്തിൽ 23,608 എച്ച്‌ഐവി രോഗികൾ

ഇപ്പോൾ സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം 23,608 ആയി. രാജ്യത്ത് ഇതു 25 ലക്ഷത്തിലധികമാണ്. 2024-ൽ മാത്രം രാജ്യത്ത് 6,300 പേരെയും കേരളത്തിൽ 1,213 പേരെയും പുതുതായി കണ്ടെത്തി. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ സംസ്ഥാനത്ത് 818 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്.

2022 ഏപ്രിൽ മുതൽ 2025 വരെ കണ്ടെത്തിയ 4,477 അണുബാധിതരുടെ വിവരങ്ങൾ ഇങ്ങനെയാണ്:

62.5% പേർ: ഒരിലധികം ലൈംഗിക പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ബന്ധം

24.6%: സ്വവർഗരതി വഴിയുള്ള പകർച്ച

8.1%: സൂചി പങ്കിട്ടുള്ള മയക്കുമരുന്ന് ഉപയോഗം

0.9%: ഗർഭിണികളിൽ നിന്ന് ശിശുക്കൾക്ക് പകർച്ച

3.7%: ഉറവിടം വ്യക്തമല്ല

ലിംഗാനുപാതം പരിഗണിക്കുമ്പോൾ മൂന്നു വർഷത്തിനിടെ 3,393 പുരുഷന്മാർക്കും 1,065 സ്ത്രീകൾക്കും 19 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.