
കേരളത്തിൽ എച്ച്ഐവി ബാധിതരാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു എന്ന് റിപ്പോർട്ട്. 2024-25-ൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 14 ശതമാനം പേർ 19 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ഈ കാലയളവിൽ കേരളത്തിൽ 1213 പേർക്കാണ് എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ 197 പേർ 19 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മയക്കുമരുന്നു സിറിഞ്ച്, അണുബാധയുള്ള ടാറ്റൂ സൂചി എന്നിവയുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവുമാണ് യുവാക്കളിൽ എച്ച്ഐവി കൂടാൻ കാരണമെന്നാണ് എയ്ഡ്സ് നിയന്ത്രണസൊസൈറ്റിയുടെ നിരീക്ഷണം. സമഗ്ര ആരോഗ്യസുരക്ഷ യുവാക്കളിലൂടെ (യുവജാഗരൺ) എന്ന കാംപെയ്‌നിലൂടെ ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലുമായി ബോധവത്കരണപ്രചാരണം ഊർജിതമാക്കാനാണ് തീരുമാനം. നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെയാണ് ബോധവത്കരണം.











