04:18am 18 September 2026
NEWS
നിലമ്പൂരിന്റെ ചരിത്രവും വർത്തമാനകാലവും
06/07/2025  05:59 PM IST
അഡ്വ. എം. മനോഹരൻപിള്ള
നിലമ്പൂരിന്റെ ചരിത്രവും വർത്തമാനകാലവും

ആർക്കും ഭൂരിപക്ഷം കിട്ടാത്ത 1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും, പിന്നെ ഇ.എം.എസ് നമ്പൂതിരിപ്പാട് ജയിച്ച 1967 ലെ തെരഞ്ഞെടുപ്പിലുമാണ് മലപ്പുറത്തെ നിലമ്പൂർ ജന്മമെടുക്കുന്നത്. രണ്ട് തെരഞ്ഞെടുപ്പിലും ജയിച്ചത് കെ. കുഞ്ഞാലി എന്ന സി.പി.എം സ്ഥാനാർത്ഥിയായിരുന്നു.
പട്ടാളസേവനം കഴിഞ്ഞ് നാട്ടിലെത്തിയ കുഞ്ഞാലി തിരഞ്ഞെടുത്തത് റബ്ബർതോട്ടം തൊഴിലാളികളെയാണ്. അക്കാലത്ത് കോൺഗ്രസിന്റെ തൊഴിലാളി സംഘടനയുടെ നേതാവായിരുന്നു എ. മുഹമ്മദ് എന്ന ആര്യാടൻ മുഹമ്മദ്.

65 ലെ തെരഞ്ഞെടുപ്പ്

ആര്യാടൻ മുഹമ്മദിന് കഷ്ടിച്ച് 10,000 വോട്ടുമാത്രമാണ് അന്ന് കിട്ടിയത്. പക്ഷേ കുഞ്ഞാലിയുടെ ഭൂരിപക്ഷം 7000 ത്തിനുമേൽ ആയിരുന്നു. മുസ്ലീം ലീഗിന് കിട്ടിയത് 8000 വോട്ടുമാത്രം. രണ്ട് സ്വതന്ത്രന്മാർ ചേർന്ന് പിടിച്ചത് 5000 ത്തിനുമേലും. അവിടെ ഹിന്ദു വിഭാഗത്തിൽ നിന്ന് കൂടുതൽ വോട്ടുപിടിച്ചത് സി.പി.എം തന്നെ.

67 ലും കുഞ്ഞാലി തന്നെ ജയിച്ചുകേറി

1967 ൽ മുസ്ലീംലീഗ് ഉൾപ്പെടെയുള്ള ഇ.എം.എസിന്റെ നേതൃത്വത്തിലും ഐക്യമുന്നണിയിലെ സി.പി.എം ന്റെ ഘടകകക്ഷി സ്ഥാനാർത്ഥിയായി കെ. കുഞ്ഞാലിയാണ് നിലമ്പൂരിൽ മത്സരിച്ചതും ജയിച്ച് എം.എൽ.എ ആയതും. കെ. കുഞ്ഞാലിയും കോൺഗ്രസ് സ്ഥാനാർത്ഥി എ. മുഹമ്മദ് എന്ന ആര്യാടനും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിൽ 25,752 വോട്ട് നേടിയ കുഞ്ഞാലിയുടെ ഭൂരിപക്ഷം 10000 ത്തോളം വോട്ടുകളായിരുന്നു.
രണ്ടുപേരും ട്രേഡ് യൂണിയൻ നേതാക്കളായിരുന്നു. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള സമരം സംഘർഷഭരിതമായപ്പോൾ കോൺഗ്രസ്സ് ഭാഗത്തുനിന്നും വെടി വച്ചതാണെന്നും അത് ആര്യാടനാണെന്നും ഉള്ള കെ. കുഞ്ഞാലിയുടെ മരണമൊഴി കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചും ആവർത്തിച്ചതോടെ ഈ കൊലക്കേസിൽ ആര്യാടൻ ഒന്നാം പ്രതിയായി. 

വക്കീലിന് സീറ്റുകൊടുത്തു

ഒന്നുകിൽ ആര്യാടനെ ബലികൊടുക്കണം. അല്ലെങ്കിൽ രക്ഷിക്കണം. ഇതാണ് ഐ ഗ്രൂപ്പിനുവേണ്ടി ലീഡർ ആന്റണിയോടുവച്ച വ്യവസ്ഥ. 1970 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മദ്രാസ് ലാ കോളേജിൽ നിന്നും ബിരുദമെടുത്തുവന്ന എം.പി. ഗംഗാധരൻ നിലമ്പൂരിലെ ഐക്യമുന്നണിയുടെ സ്ഥാനാർത്ഥിയായി ജയിച്ച് 70 മുതൽ 77 വരെ നിലമ്പൂരിന്റെ എം.എൽ.എയായി.
എം.പി. ഗംഗാധരൻ കേസ് വാദിച്ച് ആര്യാടനെ രക്ഷിച്ചു. പക്ഷേ 1977 ൽ നിലമ്പൂർ വീണ്ടും ആര്യാടന് വേണ്ടി ഒഴിഞ്ഞുകൊടുത്തതിനുപകരമായി പൊന്നാനി സീറ്റ് ഐ ഗ്രൂപ്പ് തട്ടിയെടുത്തു.

1977 ൽ നിലമ്പൂരിൽ ജയിച്ചെങ്കിലും 1980 ൽ നിലമ്പൂരിൽ മത്സരിച്ചത് എ ഗ്രൂപ്പിലെ സി. ഹരിദാസാണ്. ആര്യാടന്റെ മനസ്സ് കുറുക്കന്റേതാണെന്നറിയാവുന്നവർ എ ഗ്രൂപ്പിലെ നേതാക്കൾതന്നെയാണ്. അങ്ങനെ പി.സി. ചാക്കോയുടെയും എ.സി. ഷൺമുഖദാസിന്റേയും ഉപദേശപ്രകാരം അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ പി.വി. കുഞ്ഞിക്കണ്ണനും സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറി എം.വി. രാഘവനെയും ആര്യാടൻ മുഹമ്മദിന്റെ കാവലാളന്മാരാക്കി. കാവലാളന്മാർക്ക് വൈകുന്നേരങ്ങളിൽ ചിക്കൻ വറുത്തുകൊടുക്കാൻ നിലമ്പൂരിൽ നിന്നൊരു കുക്കിനെത്തന്നെ ആര്യാടൻ കൊണ്ടുവന്നു.

നായനാരെ ചതിച്ചു ,എൽ.ഡി.എഫ് സർക്കാരിനെയും

കക്കി തടിയിടപാടിന്റെ ജനയിതാവും ശിൽപ്പിയും ഒരേഒരാൾതന്നെ. ആര്യാടൻ മുഹമ്മദ്. അതുകൊണ്ടുതന്നെ 80 ലെ നായനാർ സർക്കാരിൽ വകുപ്പില്ലാ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആര്യാടൻ വനംവകുപ്പ് മന്ത്രിയായി. കക്കി കോൺട്രാക്ടർ കൃഷ്ണൻനായരും അഡ്വ. ടി.സി.എൻ. മേനോനും ഒക്കെച്ചേർന്ന അച്ചുതണ്ടാണ് ഇതിന്റെ പിന്നിൽ കളിച്ചത്. സി.പി.ഐ നേതാവും റവന്യൂമന്ത്രിയുമായിരുന്ന പി.എസ്. ശ്രീനിവാസൻ ഇടതുമുന്നണിയോഗത്തിൽ ആര്യാടനെ വനംമന്ത്രിയാക്കുന്നതിനെ എതിർത്തതാണ്. എന്നിട്ട് എം.വി.ആറും പി.വിയും സമ്മതിച്ചില്ല. അന്ന് നായനാരാണ് മുഖ്യമന്ത്രി. സ്പീക്കർ എ.പി. കുര്യനും, കോൺഗ്രസ് ഐ നേതാവ് കെ.കെ. ശ്രീനിവാസൻ അഴിമതി ആരോപണം സ്പീക്കർക്ക് എഴുതിക്കൊടുത്തു. ഇൻഡ്യൻ എക്‌സ്പ്രസ്സ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. ഗോവിന്ദൻകുട്ടി സാർ ആണ് കെ.കെയ്ക്ക് പ്രസംഗം തയ്യാറാക്കിക്കൊടുത്തത്. വിവരമറിഞ്ഞ ആര്യാടൻ ലീഡറുമായി ഡീൽ ഉറപ്പിച്ചു. പി.പി. തങ്കച്ചനും എം.പി. ഗംഗാധരനുമായിരുന്നു മദ്ധ്യസ്ഥർ. ലീഡർ കെ.കെ യോട് സഭയിൽ പോകണ്ട എന്നും വിലക്കി. ലീഡർ കെ. കരുണാകരൻ ഡീൽ ഉറപ്പിച്ചു. ആറുമാസത്തിനുള്ളിൽ നായനാർ മന്ത്രിസഭ വീണു. ആന്റണി ഗ്രൂപ്പ് കാലുമാറി. ആര്യാടൻ എം.വി.ആറിനേയും പി.വിയെയും കളിപ്പിച്ചു. അവർ സി.പി.എമ്മിൽ പ്രതിക്കൂട്ടിലാവുകയും ചെയ്തു.

എം.വി.ആർ പകരം വീട്ടി,ടി.കെ. ഹംസയെ നിർത്തി ആര്യാടനെ തോൽപ്പിച്ചു

ആര്യാടൻ മുഹമ്മദിനെ നേരിട്ട് എം.എൽ.എ ക്വാർട്ടേഴ്‌സ് വെച്ച് വെല്ലുവിളിച്ച ശേഷമാണ് 1982 ലെ തെരഞ്ഞെടുപ്പിൽ എം.വി.ആർ നിലമ്പൂരിന് വണ്ടികയറിയത്. കോൺഗ്രസ് ഐ മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ. ഹംസയെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിർത്തിയാണ് ആര്യാടൻ മുഹമ്മദിനെ എൽ.ഡി.എഫ് തോൽപ്പിച്ചത്. 1982 ൽ ആര്യാടനെ തോൽപ്പിച്ചില്ലായിരുന്നെങ്കിൽ എം.വി.ആറിനെയും പി.വിയെയും വി.എസ്. ഗ്രൂപ്പ് നടപടി എടുക്കാൻ 1985 വരെ കാത്തിരിക്കില്ലായിരുന്നു. 1987 ൽ ടി.കെ. ഹംസയെ ബേപ്പൂരിൽ നിർത്തി ജയിപ്പിച്ചാണ് എൽ.ഡി.എഫിന്റെ നായനാർ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പുമന്ത്രിയാക്കിയത്. ലോക്‌സഭയിലേക്ക് പോകുന്നതുവരെ ടി.കെ. ഹംസയുടെ തട്ടകം ബേപ്പൂർ ആയിരുന്നു. ആര്യാടനു ഹംസയെപ്പോലൊരു എതിരാളി മുപ്പത്തിയഞ്ചുകൊല്ലമില്ലായിരുന്നു.

ആര്യാടന്റെ പുഷ്‌ക്കരകാലം

1987 മുതൽ 2016 വരെ 29 കൊല്ലം ആര്യാടൻ മുഹമ്മദിന്റെ പുഷ്‌ക്കരകാലം തന്നെയായിരുന്നു. ആര്യാടന് പോരാടാൻ എപ്പോഴും ഒരു ശത്രു വേണം. 1995 വരെ കെ. കരുണാകരനായിരുന്നു ശത്രു. എം.പി. ഗംഗാധരൻ ശത്രുവായിരുന്നപ്പോൾ പി.ടി. മോഹനകൃഷ്ണൻ മിത്രം. ശത്രുവിന്റെ ശത്രു മിത്രം. അവരുടെ രണ്ടുപേരുടെയും മിത്രം കെ. കരുണാകരൻ ആര്യാന്റെ മുഖ്യശത്രു.
1991 ൽ ലീഡർ മന്ത്രിമാരെ തീരുമാനിച്ചപ്പോൾ തൃശൂരിൽ നിന്ന് വി.എം. സുധീരനുപകരം മറ്റൊരു തൃശൂർകാരൻ ഈഴവൻ കെ.പി. വിശ്വനാഥനെ മന്ത്രിയാക്കി. ആര്യാടനെ ചൊടിപ്പിക്കാൻ വിശ്വനാഥന് വനംവകുപ്പ് നൽകി. വിശ്വനാഥൻ നിലമ്പൂർ തേക്കിന്റെ മാറ്റുരച്ചു. നിലമ്പൂർ വുഡ്‌സ് ഫാക്ടറി തൂക്കിവിറ്റു. വിശ്വനാഥന്റെ ഔദ്യോഗിക വസതിയിൽ 'എ' ഗ്രൂപ്പ് എം.എൽ.എമാരുടെ യോഗം ചേർന്നു. വിശ്വനാഥനോട് മുഖ്യമന്ത്രി ലീഡർ രാജി ആവശ്യപ്പെട്ടു.  തൂണും ചാരി നിന്നവൻ പെണ്ണിനേം കൊണ്ടുപോയപോലെ എ.കെ. ആന്റണി മുഖ്യമന്ത്രിയായി. ആര്യാടന് പകരം എം.എൽ.എ ഹസ്സൻ മന്ത്രിയായി.
ആര്യാടനാണ് ഏഴ് കോൺഗ്രസ് ഐ എം.എൽ.എമാരെക്കൊണ്ട് ലീഗിൽ അവിശ്വാസം രേഖപ്പെടുത്തി ഒപ്പീടിപ്പിച്ചെടുത്തത്. കെ. കരുണാകരനുശേഷം ഉമ്മൻചാണ്ടി, പാണക്കാട് തങ്ങൾമാർക്കെല്ലാം ആര്യാടന്റെ ശത്രു ലിസ്റ്റിലായി. ആയിടയ്ക്കാണ് രമേശ് ചെന്നിത്തലയുമായും ആര്യാടൻ ചങ്ങാത്തം കൂടിയത്.

പിണറായിയുടെ കളത്തിൽ അൻവറിസം പൂത്തുലഞ്ഞു

2019 ൽ വയനാട് മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായാണ് പി.വി. അൻവർ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ചാടുന്നത്. 30000 വോട്ട് അൻവർ നേടുകയും സി.പി.ഐ സ്ഥാനാർത്ഥിയായ എൽ.ഡി.എഎഫുകാരൻ സത്യൻ മൊകേരി 20,000 വോട്ടിന് എം.ഐ. ഷാനവാസിന്റെ മുൻപിൽ തോൽക്കുകയും ചെയ്തു.
2016 ൽ പിണറായിയുടെ സ്വതന്ത്രസ്ഥാനാർത്ഥിയായി പി.വി. അൻവർ മത്സരിച്ചു. ആര്യാടൻ ഷൗക്കത്ത് ആയിരുന്നു യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. 18500 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അൻവറിന്റേത്. 2021 ലും അൻവർ തന്നെ മത്സരിച്ചു. ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിലെ ഫലത്തിന് മുൻപ് പ്രകാശ് മരിച്ചു. തോറ്റത് വെറും 2300 വോട്ടിന്. രണ്ട് തെരഞ്ഞെടുപ്പുകാലങ്ങളിലും ജീവിച്ചിരുന്ന ആര്യാടൻ മുഹമ്മദ് മരിച്ചത് 2022 ൽ ആയിരുന്നു.

പിണറായി വിരുദ്ധ മുദ്രാവാക്യമായിരുന്നു അൻവറിന്റെ മുഖ്യ അജണ്ട. യു.ഡി.എഫിൽ മുന്നണി പ്രവേശനവും ഒപ്പം അസംബ്ലി സീറ്റും ലക്ഷ്യം വച്ചു. ചാടിക്കളിയെടാ കുഞ്ഞിരാമാ എന്ന അൻവർ ചാഞ്ചാട്ടം തുടങ്ങി. വയനാട് ഉപതെരഞ്ഞെടുപ്പിലും പാലക്കാട്, ചേലക്കര അസംബ്ലി മണ്ഡലങ്ങളിലും അൻവർ ചാടിയെങ്കിലും മിച്ചം ഉണ്ടായില്ല. എം.എൽ.എ സ്ഥാനം രാജിവച്ചെങ്കിലും ഒരു മുന്നണിയും ശ്രദ്ധിച്ചില്ല. അതിനുശേഷം നിലമ്പൂരെ അടുത്ത യു.ഡി.എഫ് സ്ഥാനാർത്ഥിയെ അൻവർ പ്രഖ്യാപിച്ചു. വി.വി. പ്രകാശിന് തുല്യം വോട്ട് നേടാവുന്ന ജോൺ. ഇപ്പോഴത്തെ ഡി.സി.സി പ്രസിഡന്റ്.

നിലമ്പൂരുകാരോടുള്ള വി.ഡി. സതീശന്റെ അഭ്യർത്ഥന അവർ കേട്ടു. ആര്യാടൻ ഷൗക്കത്തിനെ ജയിപ്പിച്ചാൽ 2026 ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 100 നിയമസഭാ സീറ്റായി ഞങ്ങൾ യു.ഡി.എഫിനെ വിജയിപ്പിച്ചുതരുമെന്നും അത് തന്റെ വാക്കായി എടുക്കണമെന്നുമായിരുന്നു സതീശന്റെ വാക്ക്.

കഴിഞ്ഞ ആറുപതിറ്റാണ്ടായിട്ടുള്ള നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രമാണ് ആമുഖമായി ഇവിടെ സൂചിപ്പിച്ചത്. ബി.ജെ.പിയുടെ വോട്ട് രണ്ട് മുന്നണികളും ചോർത്തിയെന്ന് വി.ഡി. സതീശനും എം.വി. ഗോവിന്ദൻ മാസ്റ്ററും പരസ്യമായി ആരോപിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥി നിഷേധിച്ചു. താൻ പിടിച്ച 8766 വോട്ടിന്റെ കണക്കുപറഞ്ഞ് ബോധ്യപ്പെടുത്തി.
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവച്ചാണ് തെരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്. അദ്ദേഹം പിടിച്ച 19780 വോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ് പിടിച്ച 66660 വോട്ടിനോട് ചേർന്നുവരേണ്ടതായിരുന്നു. അതിന്റെ പകുതി മാത്രമാണ് ആര്യാടൻ ഷൗക്കത്തിന്റെ ലീഡായ 11077 വോട്ട്.

എൽ.ഡി.എഫ് 65 ലും 67 ലും മുസ്ലീം സ്ഥാനാർത്ഥിയെയാണ് നിർത്തിയിട്ടുള്ളത്. 1980 ൽ ആദ്യം സി. ഹരിദാസ് എന്ന ഹിന്ദു സ്ഥാനാർത്ഥിയെയാണ് നിർത്തിയത്. 1980 ൽ വീണ്ടും എൽ.എഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ് ആയിരുന്നു. 1982 ൽ ആര്യാടനെ തോൽപ്പിക്കാൻ നിർത്തിയത് ടി.കെ. ഹംസയെ ആയിരുന്നു. 2016 ലും 21 ലും എൽ.ഡി.എഫ് പരീക്ഷിച്ചത് പി.വി. അൻവറിനെയായിരുന്നു. 2021 ൽ വി.വി. പ്രകാശ് അൻവറിന്റെ ഭൂരിപക്ഷം കുറച്ചതുകൊണ്ടാണ് മുസ്ലീം അല്ലാത്ത എം. സ്വരാജിനെ പരീക്ഷിച്ചത്.

2024 ലെ ലോക്‌സഭാ ഇലക്ഷനിൽ രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും നിലമ്പൂർ മണ്ഡലത്തിൽ 16000 വോട്ടിനുമേൽ ഭൂരിപക്ഷം നേടിയതാണ്. അസംബ്ലി തെരഞ്ഞെടുപ്പായപ്പോൾ സ്ഥിതിഗതികൾ മാറിമറിഞ്ഞു. 2016 ലും 2021 ലും പി.വി. അൻവർ സ്വന്തമായി പിടിച്ച 20,000 ത്തോളം വോട്ടുകൾ ഒറ്റയ്ക്ക് നിന്ന് പിടിച്ചുമാറ്റി. പിണറായിസം എന്ന ഓമനപ്പേരിൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img