
ദോഹ: അമേരിക്കയിലെ ടെക്സസിലുള്ള ഗോൾഡൻ പാസ് എൽഎൻജി (Golden Pass LNG) പ്ലാന്റിൽ നിന്നുള്ള ആദ്യഘട്ട എൽഎൻജി ഉത്പാദനം വിജയകരമായി ആരംഭിച്ചു. ഖത്തർ എനർജിയും എക്സോൺ മൊബീലും (ExxonMobil) സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതി ഖത്തറിന്റെ വിദേശ നിക്ഷേപ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
ഖത്തർ എനർജി 70ശതമാനവും എക്സോൺ മൊബീൽ 30ശതമാനവുമാണ് പദ്ധതി വിഹിതം.പ്രതിവർഷം 18 ദശലക്ഷം ടൺ എൽഎൻജി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മൂന്ന് യൂണിറ്റുകളാണ് (Trains) ഈ പദ്ധതിയിലുള്ളത്. ഇതിൽ ആദ്യ യൂണിറ്റിൽ നിന്നാണ് ഇപ്പോൾ ഉത്പാദനം തുടങ്ങിയിരിക്കുന്നത്.അമേരിക്കൻ ഊർജ്ജ മേഖലയിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള ഖത്തർ എനർജിയുടെ പദ്ധതിയുടെ ഭാഗമാണിത്. പദ്ധതിക്കായി ഏകദേശം 10 ബില്യൺ ഡോളറിലധികം തുകയാണ് കമ്പനികൾ നീക്കിവെച്ചിരിക്കുന്നത്.
ടെക്സസിലെ സബിൻ പാസിൽ (Sabine Pass) സ്ഥിതി ചെയ്യുന്ന പ്ലാന്റിൽ നിന്നുള്ള എൽഎൻജിയുടെ ആദ്യ വിദേശ കയറ്റുമതി 2026-ന്റെ രണ്ടാം പാദത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആഗോളതലത്തിൽ ഊർജ്ജ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുള്ള സമയത്താണ് ഗോൾഡൻ പാസ് എൽഎൻജി പ്രവർത്തനസജ്ജമാകുന്നത് എന്ന് ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സഅദ് ശെരീദ അൽ കഅബി പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഖത്തർ എനർജി ആസൂത്രണം ചെയ്തുവരുന്ന അന്താരാഷ്ട്ര നിക്ഷേപ തന്ത്രത്തിന്റെ പ്രതിഫലനമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലീനർ എനർജി (Cleaner Energy) ലഭ്യമാക്കുന്നതിലും ആഗോള വിപണിയിൽ സുസ്ഥിരമായ ഊർജ്ജ വിതരണം ഉറപ്പാക്കുന്നതിലും ഈ പ്ലാന്റ് വലിയ പങ്ക് വഹിക്കും. പദ്ധതിയുമായി സഹകരിച്ച അമേരിക്കൻ റെഗുലേറ്റർമാർക്കും പങ്കാളിയായ എക്സോൺ മൊബീലിനും അദ്ദേഹം നന്ദി അറിയിച്ചു.











