കൊച്ചി : പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ കേരളം സന്ദർശനം. വീസാ ചട്ടങ്ങളും, സുപ്രീംകോടതി വിധിയും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തമെന്ന് ഹൈക്കോടതി ഉത്തരവ്സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി കോടതിപരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കേരള സന്ദർശനത്തിനിടെ നിയമലംഘനങ്ങൾ ഉണ്ടാകുന്നുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം. സഭാതർക്കവുമായി ബന്ധപ്പെട്ട 2017 ജൂലൈ മൂന്നിലെ കെ.എസ് വർഗീസ് കേസിലെയും, മണർകാട് പള്ളിയുടെ വിധിന്യായത്തിലെയും നിർദേശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഡി.ജി.പി ഉറപ്പ് വരുത്തണം. സന്ദർശനവുമായി ബന്ധപ്പെട്ട് വീസാ ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളിയിൽ ഞായറാഴ്ച്ച പാത്രിയർക്കീസ് ബാവാ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള നീക്കത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭാ വിശ്വാസികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് കൈമാറാൻ എത്തിയ കോടതി ഉദ്യോഗസ്ഥന് ഭീഷണി നേരിട്ടതായി ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസെടുക്കാൻ പോലീസിന് കോടതി നിർദേശം നൽകി.
മലങ്കരസഭയുടെ പള്ളികൾക്ക് 1934 -ലെ സഭാഭരണഘടനയും 2017-ലെ സുപ്രീംകോടതി വിധിയും ബാധകമാണ്. ഇത് പാലിക്കപ്പെടണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. എക്സ് മിസലേനിയസ് വീസയിലാണ് പരിശുദ്ധ പാത്രിയർക്കീസ് ബാവാ ഇന്ത്യയിലെത്തിയത്. ഈ വീസാപ്രകാരം എത്തുന്ന മതപുരോഹിതന് മതപരമായ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കാനാകില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കേസ് നവംബർ 23-ന് വീണ്ടും പരിഗണിക്കും.









