08:48am 27 November 2026
NEWS
മതത്തിന്റെ അതിരുകൾക്കപ്പുറം സൗഹൃദം; ഹംദാനുവേണ്ടി ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പ്രമോദ് സ്വാമി
27/11/2026  08:04 AM IST
nila
മതത്തിന്റെ അതിരുകൾക്കപ്പുറം സൗഹൃദം; ഹംദാനുവേണ്ടി ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പ്രമോദ് സ്വാമി

 

കൊളത്തൂർ: ആത്മമിത്രത്തിന്റെ മകൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയാൽ ശബരിമലയിൽ നടന്ന് വഴിപാട് നടത്താമെന്നായിരുന്നു പ്രമോദിന്റെ നേർച്ച. എട്ടുമാസം മുമ്പുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹംദാൻ സുഖം പ്രാപിച്ചതോടെ ആ നേർച്ച നിറവേറ്റാൻ യാത്ര തിരിച്ചിരിക്കുകയാണ് പുന്നയൂർക്കുളം സ്വദേശി പ്രമോദ് സ്വാമി.

മലപ്പുറം പാങ്ങ് ചേണ്ടി സ്വദേശി നാസർമാനുവിന്റെ മകൻ ഹംദാനുവേണ്ടിയാണ് ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച് പ്രമോദ് ശബരിമലയിലേക്ക് കാൽനടയായി പോകുന്നത്. ദിവസവും ഏകദേശം 22 കിലോമീറ്റർ പിന്നിട്ടാണ് യാത്ര. ഇതിനകം ഗുരുവായൂർ പിന്നിട്ടുകഴിഞ്ഞു. വെല്ലൂർ മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം അടുത്തിടെയാണ് ഹംദാൻ വീട്ടിൽ തിരിച്ചെത്തിയത്.

വർഷങ്ങൾക്കുമുമ്പ് പുന്നയൂർക്കുളത്തിനടുത്ത് ചെറായിയിൽ കനാലോരത്ത് ചൂണ്ടയിടുന്നതിനിടയിലാണ് പ്രമോദും നാസർമാനുവും പരിചയപ്പെടുന്നത്. ഗൾഫിൽ ബിസിനസ് നടത്തുന്ന നാസർമാനു ഒരിക്കൽ അപ്രതീക്ഷിതമായി പ്രമോദിന്റെ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദുരിതാവസ്ഥ നേരിട്ടറിഞ്ഞത്. തകർന്നുവീഴാറായിരുന്ന വീട് പുതുക്കിപ്പണിയാൻ അദ്ദേഹം മുന്നിട്ടിറങ്ങി. പിന്നീട് നാട്ടിലെ തന്റെ ബിസിനസ് കാര്യങ്ങൾ നോക്കിനടത്താനും പ്രമോദിനെ ഒപ്പം കൂട്ടി.

അന്ന് ചൂണ്ടയിടുന്നതിനിടെ തുടങ്ങിയ ബന്ധത്തിന് ഇന്ന് 14 വർഷത്തെ പഴക്കമുണ്ട്. പ്രമോദിന് 50 വയസും നാസർമാനുവിന് 54 വയസുമാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും വ്യത്യാസങ്ങൾക്കപ്പുറം വളർന്ന ഈ സൗഹൃദത്തിന്റെ ആഴമാണ് ഇപ്പോൾ ശബരിമലയിലേക്കുള്ള പ്രമോദിന്റെ കാൽനടയാത്രയിലും തെളിയുന്നത്.

ആത്മമിത്രത്തിന്റെ മകനുവേണ്ടി നടത്തിയ നേർച്ച പൂർത്തിയാക്കാൻ ഇരുമുടിക്കെട്ടുമായി മലചവിട്ടാനൊരുങ്ങുന്ന പ്രമോദിന്റെ യാത്ര, സൗഹൃദത്തിന്റെയും കരുതലിന്റെയും മനുഷ്യത്വത്തിന്റെയും ഹൃദയസ്പർശിയായ കാഴ്ചയായി മാറുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img