
കൊച്ചി: കേരളത്തിലെ ബിജെപിയും സംഘവും ഒരു കോക്കസിൻറെ പിടിയിലാണെന്ന് അഖില കേരള ഹിന്ദു മഹാസഭ സംസ്‌ഥാന അധ്യക്ഷൻ സ്വാമി ഡോ. ഭദ്രാനന്ദ. അധാർമികത ചൂണ്ടികാണിക്കുന്നവരെ ഹിന്ദു വിരുദ്ധരാക്കുകയാണെന്നും അദ്ദേഹം എറണാകുളം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. അനന്തുവിന്റെ മരണം എസ് ഡി പി ഐക്ക് മേൽ വച്ച് കെട്ടാൻ ശ്രമം നടന്നുവെന്നും ആർ എസ് എസ് നേരിടുന്ന ധാർമിക വെല്ലുവിളി സംഘം പ്രവർത്തകർ തിരിച്ചറിയണമെന്നും ഡോ. ഭദ്രാനന്ദ് പറഞ്ഞു.ബലിദാനികൾക്കായി പിരിച്ച പണം എവിടെപ്പോയെന്ന് ബിജെപി, സംഘം പ്രവർത്തകരെയെങ്കിലും ബോധ്യപ്പെടുത്തണം. കണ്ണൂർ ജില്ലയിൽ നൂറുകണക്കിന് ബലിദാനികൾക്ക് വേണ്ടി പിരിച്ച പണത്തിനു കണക്കില്ലന്നും അദ്ദേഹം ആരോപിച്ചു. കെ സുരേന്ദ്രൻ ഉൾപ്പെട്ട കൊടകരയിലെ കുഴൽപ്പണക്കേസിന് എന്ത് പറ്റിയെന്ന് അന്വേഷിക്കണം. ഇതിൽ ഉൾപ്പെട്ട പണം ദുബായിലേക്ക് കടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം. തെരഞ്ഞെടുപ്പ് കാലത്ത് കുമ്മനം രാജശേഖരന് ബിജെപി കേന്ദ്ര നേതൃത്വം അൻപത് കോടി രൂപ നൽകിയെന്നും അതിൽ 20 കോടിയുടെ കണക്ക് ഇപ്പോഴും നൽകിയിട്ടില്ലെന്നും സ്വാമി ഭദ്രാനന്ദ് ആരോപിച്ചു. ഓൺലൈൻ സംഘികൾക്ക് സംഘത്തിന്റെ ആശയം പോലും അറിയില്ല. സ്വയംസേവകരുടെ പേരിൽ ഇവർ കാട്ടിക്കൂട്ടുന്നതൊക്കെ ഹിന്ദു ധർമത്തിനെതിരാണ്.
ശബരിമലയിൽ കൊള്ളയ്ക്ക് നേതൃത്വം നൽകിയത് കപട പുരോഹിതവർഗ്ഗത്തിൽ പെട്ടവരാണ്. എല്ലാ കൊള്ളയ്ക്കും ഉത്തരവാദി പിണറായി വിജയനല്ല.. കമ്യൂണിസ്റ്റുകാർ വിശ്വാസത്തിലേക്ക് വരുന്നതിനെ തടയാൻ സംഘപരിവാറിന് അവകാശമില്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആദ്യം നിലപാടെടുത്തത് ബിജെപിയാണ്. ജനരോഷം എതിരായപ്പോൾ നിലപാട് മാറ്റിയതാണ്. ശബരിമലയിൽ മാത്രമല്ല ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും കൊള്ള നടന്നിട്ടുണ്ട്. കപട പുരോഹിതവർഗ്ഗത്തിൽ പെട്ടവരാണ് ഇതിനോളം നേതൃത്വം നൽകുന്നത്.സ്വയം സേവകരെ വഞ്ചിച്ച ബിജെപി ഇപ്പോൾ ക്രൈസ്തവരെയും വഞ്ചിക്കുകയാണ്. ഇതിനായി ബിജെപിയെ ബിഷപ്പ് ജനത പാർട്ടിയാക്കാനാണ് ചിലർ ശ്രമിക്കുന്നത്. മൈക്രോഫിനാൻസിലൂടെ പാവങ്ങളുടെ പണം തട്ടിയ വെള്ളപ്പള്ളിയെയും തുഷാറിനെയും ഒപ്പം നിർത്തിയാണ് ബിജെപി അഴിമതിവിരുദ്ധ പോരാട്ടം നടത്തുന്നത്.കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അവസരവാദിയും ഏകാധിപതിയുമാണെന്നും സ്വാമി ഭദ്രാനന്ദ് കുറ്റപ്പെടുത്തി. സഹായം തേടിയെത്തുന്നവരെ ആട്ടിപ്പായിക്കുന്നത് ജനസേവകർക്ക് യോജിച്ചതല്ല. സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് പണമുണ്ടാക്കാനാണെന്ന് സുരേഷ്‌ഗോപി തന്നെ പറയുന്നത് ലജ്ജാകരമാണ്. ഇത്തരം നല്ലവനായ ഉണ്ണിമാർ രാഷ്ട്രീയത്തിന് അപമാനമാണെന്നും സ്വാമി ഭദ്രാനന്ദ പറഞ്ഞു.
Photo Courtesy - Google









