
അഹമ്മദാബാദ്: ഒരിക്കൽ വർഗീയ കലാപത്തിന്റെ പേരിൽ ചർച്ചയായിരുന്ന ഗുജറാത്തിലെ ഗോധ്ര ഇന്ന് മതമൈത്രിയുടെ പുതിയ ഉദാഹരണമായി മാറുന്നു. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗോധ്ര മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിലെ ഫലമാണ് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മതമൈത്രിയുടെ നേർചിത്രം ഉയർത്തിക്കാട്ടുന്നത്. നൂറുശതമാനം മുസ്ലിം വോട്ടർമാരുള്ള ഈ വാർഡിൽ ഹിന്ദു സ്ഥാനാർത്ഥിയായ അപേക്ഷബെൻ സോണിയാണ് വിജയിച്ചത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അപേക്ഷബെൻ സോണി മത്സരിച്ചത്. അവർക്ക് ലഭിച്ച പിന്തുണ സമൂഹങ്ങൾ തമ്മിലുള്ള വിശ്വാസത്തിന്റെ ശക്തിയെ വ്യക്തമാക്കുന്നതാണന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ ഇടപെടലുകളും ജനങ്ങളുമായി അടുത്ത ബന്ധവും സോണിയുടെ വിജയത്തിൽ നിർണായകമായി. മതപരമായ തിരിച്ചറിവുകൾക്കപ്പുറം പ്രവർത്തനക്ഷമതക്കും വ്യക്തിത്വത്തിനുമാണ് വോട്ടർമാർ മുൻഗണന നൽകിയതെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റമാണ് കാവ്ച്ചവെച്ചത്. തെരഞ്ഞെടുപ്പ് നടന്ന 15 മുൻസിപ്പൽ കോർപ്പറേഷനിലും ബിജെപി ഭരണം പിടിച്ചു. സംസ്ഥാനത്തെ 15 കോർപറേഷനുകൾ, 84 മുൻസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഇവിടങ്ങളിലെല്ലാം ബിജെപി വൻ ആധിപത്യം പുലർത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും വൻ തിരിച്ചടി നേരിട്ടു.
ഞായറാഴ്ചയാണ് ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം കോർപറേഷനിൽ 55.1 ശതമാനവും മുൻസിപ്പാലിറ്റികളിൽ 65.53 ശതമാനവും ജില്ലാ പഞ്ചായത്തുകളിൽ 66.64 ശതമാനവും താലൂക്കുകളിൽ 67.26 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഗുജറാത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായാണ് തദ്ദേശഫലം വിലയിരുത്തപ്പെടുന്നത്.











