
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകാനുള്ള നീക്കം യുക്തിരാഹിത്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുസംബന്ധിച്ച എൻസിഇആർടി തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നമ്മുടെ ദേശത്തിൻറെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലിൻറെ ഉദാഹരണമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം അടിച്ചേൽപ്പിക്കലിന്റെയല്ലെന്നും ശാക്തീകരണത്തിന്റെയും സമവായത്തിന്റെയും ഒരു ഉപകരണമായിരിക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു. എൻസിഇആർടിയുടെ ഈ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്. എൻസിഇആർടി ഈ തീരുമാനം പുനപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യണമെന്നും എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.