06:45pm 08 September 2026
NEWS
‘ഹിന്ദി അറിയില്ലെങ്കിൽ പഠിപ്പിക്കാം’; വനിതാ കമ്മിഷൻ പരിപാടിയിൽ വാഗ്വാദം, കേരള എംഎൽഎമാർ ഇറങ്ങിപ്പോയി
08/09/2026  04:38 PM IST
nila
‘ഹിന്ദി അറിയില്ലെങ്കിൽ പഠിപ്പിക്കാം’; വനിതാ കമ്മിഷൻ പരിപാടിയിൽ വാഗ്വാദം, കേരള എംഎൽഎമാർ ഇറങ്ങിപ്പോയി

ന്യൂഡൽഹി: ദേശീയ വനിതാ കമ്മിഷൻ സംഘടിപ്പിച്ച വനിതാ നിയമസഭാംഗങ്ങൾക്കായുള്ള പരിശീലന പരിപാടിയിൽ ഹിന്ദി ഭാഷയെച്ചൊല്ലി വാഗ്വാദം. ആശയവിനിമയത്തിന് ഹിന്ദി മാത്രം ഉപയോഗിച്ചതിനെ കേരളത്തിൽ നിന്നുള്ള എംഎൽഎമാർ ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുക്കുകയും കേരള പ്രതിനിധികൾ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 390ലേറെ വനിതാ എംഎൽഎമാർ പങ്കെടുത്ത ദ്വിദിന പരിശീലന പരിപാടിയിലാണ് സംഭവം. പരിശീലന പരിപാടിയിൽ ഹിന്ദി മാത്രം ആശയവിനിമയത്തിനുള്ള ഭാഷയാക്കിയതിനെ കേരളത്തിലെ ജനപ്രതിനിധികൾ എതിർത്തു.

ഹിന്ദി രാഷ്ട്രഭാഷയാണെന്നും ചർച്ചകൾ ഹിന്ദിയിൽ തന്നെ തുടരുമെന്നും ഉത്തരേന്ത്യയിൽ നിന്നുള്ള ചില എംഎൽഎമാർ പ്രതികരിച്ചതായി കേരള നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഇതിനിടെ പരിശീലന ഹാളിൽ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർന്നതായി അവർ ആരോപിച്ചു.

ഹിന്ദി അറിയാത്ത കേരളത്തിലെ എംഎൽഎമാരെ പഠിപ്പിക്കാമെന്ന തരത്തിലുള്ള വെല്ലുവിളിയും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു എംഎൽഎ നടത്തിയതായി ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

പ്രതിഷേധങ്ങൾ തുടരുമ്പോഴും ദേശീയ വനിതാ കമ്മിഷൻ ചെയർപഴ്‌സൻ വിജയ രഹത്കർ വിഷയത്തിൽ ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആരോപിച്ചു. ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളെയും ഉൾക്കൊള്ളുന്ന തരത്തിൽ പരിശീലന മൊഡ്യൂൾ തയ്യാറാക്കാൻ കമ്മിഷന് കഴിഞ്ഞില്ലെന്നതിൽ നിരാശയുണ്ടെന്ന് മന്ത്രി കെ.എ. തുളസിയും പ്രതികരിച്ചു.

ഹിന്ദി ഭാഷയോടുള്ള എതിർപ്പല്ല വിഷയമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വനിതാ എംഎൽഎമാരെ ഉൾക്കൊള്ളുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ദേശീയ വനിതാ കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകാത്തതാണ് പ്രശ്നമെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

നേതൃത്വപാടവം, നിയമനിർമാണ പ്രവർത്തനം, പൊതുനയം, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലന പരിപാടിയിലെ പ്രധാന ക്ലാസുകൾ. ജനപ്രതിനിധികൾക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനായി പ്രത്യേക സെഷനുകളും സംഘടിപ്പിച്ചിരുന്നു.

ഫരീദാബാദിലാണ് ദ്വിദിന പരിശീലന പരിപാടി നടന്നത്. കേരളത്തിൽനിന്ന് എംഎൽഎമാരായ ഉഷാ വിജയൻ, കെ.കെ. രമ, ഉമ തോമസ്, വിദ്യാ ബാലകൃഷ്ണൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർലയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

അതേസമയം, ഹിന്ദി ഭാഷാ വിഷയത്തിൽ ദേശീയ വനിതാ കമ്മിഷനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നാണ് കേരള പ്രതിനിധികളുടെ ആരോപണം. ഡൽഹിയിലുൾപ്പെടെ നടക്കുന്ന വാർത്താസമ്മേളനങ്ങളിൽ ചെയർപഴ്‌സൻ വിജയ രഹത്കർ ഇംഗ്ലിഷ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിൽ പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img