
ഓപ്പറേഷൻ സിന്ദൂറിന് പിന്തുണ പ്രഖ്യാപിച്ചതിനുപിന്നാലെ തനിക്കുനേരേയുണ്ടായ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് ബോളിവുഡ് താരം ഹിന ഖാൻ. ഇന്ത്യക്കാരിയല്ലായിരുന്നുവെങ്കിൽ താൻ ഒന്നുമല്ലെന്നും എന്നും ഇന്ത്യക്കാരിയായിരിക്കുമെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. നിങ്ങൾ അൺഫോളോ ചെയ്താലും തനിക്കൊന്നുമില്ലെന്നും താരം വ്യക്തമാക്കുന്നു.
ഹിന ഖാന്റെ കുറിപ്പ് ഇങ്ങനെ:
എൻറെ ജീവിതമാകെ അതിർത്തിക്കപ്പുറത്തുനിന്നും സ്നേഹം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഓപ്പറേഷൻ സിന്ദൂറിന് പിന്തുണ നൽകിയതിനുപിന്നാലെ നിങ്ങളിൽ പലരും എന്നെ അധിക്ഷേപിച്ചു, ശപിച്ചു, അൺഫോളോ ചെയ്തു. ഒരുപാട് പേർ അൺഫോളോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഭീഷണിയിൽ എന്നെ മാത്രമല്ല, എന്റെ ആരോഗ്യസ്ഥിതിയെയും കുടുംബത്തെയും എന്റെ വിശ്വാസത്തെ പോലും അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമായ വിദ്വേഷം ഉണ്ട്.
എൻറെ രാജ്യത്തെ നിങ്ങൾ പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. നിങ്ങൾ നിങ്ങളുടെ രാജ്യത്തേയെ പിന്തുണക്കൂ. ഞാൻ നിങ്ങളോട് മുഷ്യത്വപരമായി പെരുമാറിയതുപോലെ നിങ്ങളും മനുഷ്യത്വത്തോടെ പെരുമാറുമെന്ന് മാത്രം ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അതാണ് നമ്മൾ തമ്മിലുള്ള വ്യത്യാസം എന്നാണ് തോന്നുന്നത്.
ഇന്ത്യക്കാരിയല്ലായിരുന്നുവെങ്കിൽ ഞാൻ ഒന്നുമല്ല. ഞാൻ എന്നും ഇന്ത്യക്കാരിയായിരിക്കും. അതുകൊണ്ട് അൺഫോളോ ചെയ്തോളൂ, എനിക്കൊന്നുമില്ല, ഞാൻ നിങ്ങളെ ആരേയും അധിക്ഷേപിക്കുകയോ ശപിക്കുകയോ ചെയ്യില്ല. ഞാൻ എൻറെ രാജ്യത്തെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നത്. എന്ത് തന്നെയായാലും ഞാൻ എൻറെ രാജ്യത്തെ പിന്തുണയ്ക്കും ജയ് ഹിന്ദ്.











