
ഗുവാഹത്തി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇ.വി.എം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ രാജിവച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും ജനവിധി തേടാൻ തയ്യാറായാൽ ഈ രീതിയിലേക്ക് മടങ്ങുന്നതിനെ പിന്തുണയ്ക്കാമെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
കേരളം, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇ.വി.എം വഴി നടന്ന തെരഞ്ഞെടുപ്പുകളിലൂടെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയതെന്ന് ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. ഈ സർക്കാരുകൾ രാജിവച്ച് ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
അസം, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യാ ഘടനയിൽ അനധികൃത കുടിയേറ്റം മൂലം മാറ്റങ്ങളുണ്ടാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈ പ്രവണത തുടർന്നാൽ രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും ഹിമന്ത പറഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യം ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനും പ്രത്യേക പരിശോധനാ നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തിലൊരിക്കൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടത്തണമെന്നാണ് തന്റെ നിലപാടെന്നും അതുവഴി മാത്രമേ രാജ്യത്തെ ജനാധിപത്യ സംവിധാനം സംരക്ഷിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് അസം മുഖ്യമന്ത്രി ഉന്നയിച്ചത്. വിദേശശക്തികൾക്ക് വേണ്ടിയാണ് രാഹുലും കോൺഗ്രസും പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും ഹിമന്ത കുറ്റപ്പെടുത്തി.
കോൺഗ്രസ് നടത്തുന്ന 'വോട്ട് ചോരി' പ്രതിഷേധത്തെയും അദ്ദേഹം പരിഹസിച്ചു. പൊതുജനങ്ങളുടെ പിന്തുണയില്ലാതെ ഭരണവർഗത്തെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള ശ്രമമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. രണ്ടായിരമോ മൂവായിരമോ ആളുകൾ മാത്രമേ രാഹുലിന്റെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുള്ളൂവെന്നും അസം മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഇന്ത്യയുടെ വളർച്ച ആഗ്രഹിക്കാത്തവരും അസ്വസ്ഥരായ ചില 'ദിമാഗി നക്സലുകളു'മാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു.










