05:02pm 06 November 2026
NEWS
മേദിയേയും കേരളത്തെയും പുകഴ്ത്തിയ തരൂരിനെതിരെ നടപടിയെടുത്ത് ശത്രുക്കൾക്ക് ആയുധം നൽകേണ്ടെന്ന് ഹൈക്കമാൻഡ്

17/02/2025  04:54 PM IST
nila
മേദിയേയും കേരളത്തെയും പുകഴ്ത്തിയ തരൂരിനെതിരെ നടപടിയെടുത്ത് ശത്രുക്കൾക്ക് ആയുധം നൽകേണ്ടെന്ന് ഹൈക്കമാൻഡ്

കേരളത്തെയും നരേന്ദ്ര മോദിയേയും പുകഴ്ത്തിയ ശശി തരൂരിനെതിരെ തത്ക്കാലം നടപടിയുണ്ടാകില്ല. തരൂരിനെതിരെ നടപടിയെടുത്ത് ശത്രുക്കൾക്ക് ആയുധം നൽകേണ്ടതില്ല എന്നാണ് ​ഹൈക്കമാൻഡിന്റെ നിലപാട്. അതേസമയം, തരൂരിന്റെ പ്രസ്താവനകളിലെ അതൃപ്തി ദേശീയ നേതൃത്വം അദ്ദേഹത്തെ നേരിട്ടറിയിച്ചു. കേരള സർക്കാരിൻറെ കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്ന് തരൂരിനെ ബോധ്യപ്പെടുത്തിയെന്നാണ് ദേശീയ നേതൃത്വം സൂചിപ്പിക്കുന്നത്.  

മേദിയെ പ്രകീർത്തിച്ച തരൂരിന് തെറ്റു പറ്റിയെന്നും പാർട്ടിക്ക് അത് ദേശീയ തലത്തിൽ തന്നെ വലിയ പ്രതിസന്ധി സൃഷ്ടിച്ചു എന്നുമാണ് കോൺ​ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ​ഗുരുതരമായ ജാ​ഗ്രത കുറവ് ഇക്കാര്യത്തിൽ തരൂരിന് സംഭവിച്ചു. എന്നാൽ, വളരെക്കാലമായി കോൺ​ഗ്രസ് ഹൈക്കമാൻഡുമായി അകൽച്ചയിലാണ് തരൂർ. അതേസമയം, വലിയൊരു വിഭാ​ഗം നേതാക്കൾ തരൂരുമായി അടുപ്പം പുലർത്തുന്നുമുണ്ട്. ഈ സാഹചര്യത്തിൽ തരൂരിനെതിരെ നടപടിയെടുക്കുന്നത് ബുദ്ധിയല്ലെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചത്. 

പാർട്ടി നേതാവെന്ന  ലേബലിൽ വ്യവസായ മന്ത്രിയുടെ അവകാശ വാദം ഉന്നയിച്ച് തരൂർ ലേഖനമെഴുതാൻ പാടില്ലായിരുന്നുവെന്നാണ് നേതാക്കൾ പറയുന്നത്. പരമ്പരാഗത വ്യവസായ മേഖലകളടക്കം കേരളത്തിൽ വലിയ തിരിച്ചടി നേരിടുന്ന കാര്യം തരൂരിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പരാതി ഹൈക്കമാൻഡ് നേതാക്കൾ ചർച്ച ചെയ്തിരുന്നു. യാഥാർത്ഥ്യം തരൂരിനെ ധരിപ്പിക്കാനായിരുന്നു നിർദ്ദേശം. തുടർന്നാണ് എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ തരൂരുമായി സംസാരിച്ചത്. 

വിശദീകരണം തേടുന്നതടക്കം അച്ചടക്ക നടപടികളൊന്നും തൽക്കാലം വേണ്ടെന്നാണ് നിലപാട്. സമൂഹമാധ്യമങ്ങളിലും പുറത്തും തരൂരിന് പിന്തുണയേറുമ്പോൾ അച്ചടക്ക നടപടി ബൂമറാങ്ങാകുമെന്നാണ് നേതൃത്വം കരുതുന്നത്. അതേ സമയം ഹൈക്കമാൻഡ് നേതൃത്വത്തിൻറെ അവഗണനയിൽ തരൂരിന് കടുത്ത അതൃപ്തിയുണ്ട്. പ്രവർത്തക സമിതിയിലെടുത്തെങ്കിലും സംഘടനാപരമായ വിഷയങ്ങളിൽ അകറ്റി നിർത്തിയിരിക്കുന്നുവെന്നാണ് ആക്ഷേപം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img