04:01am 29 October 2026
NEWS
സ്പെയിനിൽ അതിവേ​ഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം
19/01/2026  09:03 AM IST
nila
സ്പെയിനിൽ അതിവേ​ഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം

മാഡ്രിഡ്: തെക്കൻ സ്പെയിനിൽ അതിവേ​ഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.  പരിക്കേറ്റവരിൽ 73 പേരുടെ നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്. തെക്കൻ സ്പെയിനിലെ കോർഡോബയ്ക്കടുത്ത ആദമുസ് മേഖലയിൽ ഞായറാഴ്ച്ച  പ്രാദേശിക സമയം വൈകുന്നേരം 6.40ഓടെയായിരുന്നു അപകടം.

മലാഗയിൽ നിന്ന് മാഡ്രിഡിലേക്കുള്ള യാത്രക്കിടെ അതിവേഗ ട്രെയിൻ പാളം തെറ്റി സമീപ ട്രാക്കിലേക്ക് മറിഞ്ഞതോടെയാണ് അപകടത്തിന് തുടക്കം. അതേ സമയം എതിർദിശയിൽ മാഡ്രിഡിൽ നിന്ന് ഹുവെൽവയിലേക്കു വരികയായിരുന്ന മറ്റൊരു ട്രെയിൻ ഇതിലേക്ക് ഇടിച്ചു കയറി. ശക്തമായ ഇടിയുടെ ആഘാതത്തിൽ രണ്ട് ട്രെയിനുകളും പാളം തെറ്റി, ബോഗികൾ തകർന്നു. മലാഗയിൽ നിന്ന് പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിലായിരുന്നു ഈ ദുരന്തം.

അപകടത്തിൽപ്പെട്ട മലാഗ ട്രെയിനിൽ ഏകദേശം 300 യാത്രക്കാരുണ്ടായിരുന്നുവെന്ന് സർവീസ് നടത്തുന്ന സ്വകാര്യ കമ്പനി ഇറിയോ അറിയിച്ചു. സംഭവത്തിൽ 21 പേർ മരിക്കുകയും 73 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. തകർന്ന ബോഗികൾക്കുള്ളിൽ നിരവധി യാത്രക്കാർ കുടുങ്ങിയതോടെ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളിയായി.

അടിയന്തര സേവനസംഘങ്ങൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനമാണ് നടത്തിയത്. പരിക്കേറ്റവരെ സമീപ നഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്.

രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീഷ്യയും സംഭവത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കു അനുശോചനം അറിയിച്ച രാജകുടുംബം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ദുരിതബാധിതർക്കായി സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img