
കർണാടകത്തെ പ്രകമ്പനം കൊള്ളിക്കുന്ന അസാധാരണ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ
കാൽനൂറ്റാണ്ടു മുമ്പത്തെ ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ചെറുനഗരമല്ല ഇന്നത്തെ ബംഗളുരു മഹാനഗരം. കോസ്മോപൊളിറ്റൻ സ്വഭാവം മുമ്പേയുണ്ടെങ്കിലും നഗരത്തിന്റെ ഭാവഹാവാദികൾ അടിമുടി മാറിയിരിക്കുന്നു. നഗരവാസികളിൽ തദ്ദേശീയരായ കന്നഡിഗർ ഇപ്പോഴും മുപ്പത് ശതമാനത്തിൽ താഴെയാണ്. മലയാളികൾ ഏതാണ്ട് പതുശതമാനത്തോളം വരും. അത് വർധിച്ചുകൊണ്ടുമിരിക്കുന്നു. നഗരജീവിതത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും മലയാളികളുടെ സാന്നിധ്യവും സ്വാധീനവുമുണ്ട്. മലയാളികളുടെ പല ശീലങ്ങളും രീതികളും തദ്ദേശീയരായ കന്നഡിഗരും ഇതര ദേശങ്ങളിൽ നിന്നെത്തിയവരും അനുകരിക്കുന്ന പ്രവണത കുറേക്കാലമായുണ്ട്. അതിലൊന്നാണ് സ്വർണ്ണത്തോടും സ്വർണ്ണാഭരണങ്ങളോടുമുള്ള ആസക്തി. കാൽനൂറ്റാണ്ടു മുമ്പ് നഗരവാസികൾക്ക് സ്വർണ്ണത്തോടുള്ള താല്പര്യം വളരെ കുറവായിരുന്നു. സ്വർണ്ണാഭരണങ്ങൾ ധരിക്കുന്ന സ്ത്രീകളെ- മലയാളികൾ ഒഴികെ- അപൂർവ്വമായേ നഗരത്തിൽ കാണാറുണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ ഉള്ളവരും സ്വർണ്ണാഭരണങ്ങൾ കൂടുതലായി ധരിക്കുന്ന പതിവുണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. കന്നഡിഗർക്ക് പുറമെ തെലുങ്കർ, തമിഴർ, വടക്കേ ഇന്ത്യക്കാർ- നഗരത്തിലെ എല്ലാ വിഭാഗത്തിലും പെട്ട സ്ത്രീകളും സ്വർണ്ണാഭരണങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കന്നഡിഗരായ യുവാക്കളും സ്വർണ്ണഭ്രമത്തിൽ പിന്നോട്ടല്ല. കട്ടിയേറിയ മാലയും ബ്രേസ്ലെറ്റും മൂന്നും നാലും മോതിരങ്ങളും ധരിക്കുന്ന ധാരാളം യുവാക്കളെ നഗരത്തിൽ കാണാം. വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ സ്വർണ്ണത്തിന്റെ ധാരാളിത്തം വ്യക്തമാവും. ഇതിനൊക്കെ പ്രചോദനം മലയാളികളാണെന്നത് പറയേണ്ടതില്ലല്ലോ
കാൽനൂറ്റാണ്ട് മുമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തുപോലും വിരലിലെണ്ണാവുന്ന വലിയ സ്വർണ്ണാഭരണശാലകളെ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ പ്രമുഖ ജുവലറികൾ വൻകിട ഷോ റൂമുകൾ തുറന്നതോടെയാണ് മറ്റുള്ളവരും ആ വഴിയ്ക്ക് ചിന്തിച്ചത്. കേരളത്തിലെ പ്രധാന ജുവലറികളുടെ അഞ്ചും ആറും വൻകിട ഷോറൂമുകൾ ഇപ്പോൾ ബംഗളുരുവിന്റെ നാനാ ഭാഗത്തുമുണ്ട്. തദ്ദേശീയരും വലിയ സ്വർണ്ണ- ഡയമണ്ട് ആഭരണശാലകൾ ആരംഭിച്ചു.
സ്വർണ്ണത്തിനും സ്വർണ്ണാഭരണങ്ങൾക്കുമുള്ള ആവശ്യക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പതിന്മടങ് വർധിച്ചിട്ടുണ്ട്. ഇത്രയും സ്വർണ്ണം നേർവഴിയ്ക്ക് നിയമവിധേയമാണോ നഗരവിപണിയിലെത്തുന്നതും വിറ്റഴിക്കപ്പെടുന്നതും? യഥാർത്ഥത്തിൽ നടക്കുന്ന ക്രയ വിക്രയത്തിന് അനുസൃതമായ നികുതി ഗവണ്മെന്റിന് കിട്ടുന്നുണ്ടോ? അതേപ്പറ്റി അന്വേഷിക്കുമ്പോഴാണ് നഗരത്തിൽ അതിവിപുലമായ ഒരു അധോലോക വിപണിയുണ്ടെന്നും ശതകോടികളുടെ സ്വർണ്ണം ഒരു കണക്കിലും പെടാതെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും തെളിയുന്നത്. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവർക്കും സുപ്രധാന അധികാരപദവി അലങ്കരിക്കുന്നവർക്കും സ്വർണ്ണത്തിന്റെ അവിഹിത ഇടപാടിൽ പങ്കുണ്ടെന്ന അഭ്യൂഹം കുറച്ചുകാലമായുണ്ട്. ബംഗളുരു- ദുബായ് ഇടനാഴിയിൽ ശതകോടികളുടെ സ്വർണ്ണക്കടത്ത് കുറേക്കാലമായി നടന്നുവരുന്നുണ്ടെന്ന സൂചന കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ദുബായിലെയും ബംഗളുരുവിലെയും മാർക്കറ്റിൽ സ്വർണ്ണവിലയിൽ വലിയ അന്തരവുണ്ടായതോടെ അടുത്ത കാലത്ത് കള്ളക്കടത്ത് വൻതോതിൽ വർദ്ധിച്ചു. നിലവിൽ ദുബായ് മാർക്കറ്റിൽ സ്വർണ്ണത്തിന് ബംഗളുരുവിനെക്കാൾ ഏഴുശതമാനം വിലക്കുറവുണ്ട്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഒരു കിലോ സ്വർണ്ണം ബംഗളുരുവിലെത്തിച്ചാൽ ചുരുങ്ങിയത് അഞ്ചുലക്ഷം രൂപ ലാഭം കിട്ടും. ഒരു ലക്ഷമോ അതിൽ കുറവോ കൊടുത്താൽ സ്വർണ്ണം കടത്താൻ തയ്യാറുള്ള ക്യാരിയർമാർ നിരവധിയാണ്. വിശ്വസ്തരായ ക്യാരിയർമാരെ കണ്ടെത്തുന്ന ഏജന്റുമാരും കുറവല്ല.
സിനിമാനടിയുടെ സ്വർണ്ണക്കടത്തും അനുബന്ധ സംഭവവികാസങ്ങളും
മാർച്ച് മൂന്നിന് പുലർച്ചെ ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ബംഗളുരുവിലെ കെംപെഗൗഡ എയർപോർട്ടിൽ വന്നിറങ്ങിയ സിനിമാനടി രന്യ റാവുവിനെ പതിനാല് കിലോ സ്വർണ്ണവുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി ആർ ഐ) ഉദ്യോഗസ്ഥർ പിടികൂടിയതോടെയാണ് ദുബായ്- ബംഗളുരു കോറിഡോറിലെ സ്വർണ്ണക്കടത്ത് ചർച്ചാവിഷയമായത്. ഇരുതുടകളിലും സ്വർണ്ണക്കട്ടികൾ സെല്ലോ ടേപ്പുകൊണ്ട് വരിഞ്ഞുകെട്ടി അതിനുമുകളിൽ പ്ലാസ്റ്ററിട്ട നിലയിലാണ് രന്യയെ പിടികൂടിയത്. അടിയ്ക്കടി ദുബായ് യാത്രനടത്തുന്ന രന്യറാവു ഡി ആർ ഐയുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ രന്യ മുപ്പതു തവണ ദുബായ് സന്ദർശിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ മാത്രം ആറു തവണ അവർ ബംഗളുരുവിൽ നിന്ന് ദുബായിലേക്ക് പോയിരുന്നു. ഡിജിപി റാങ്കിലുള്ള ഐ പി എസ് ഓഫിസർ കെ. രാമചന്ദ്രറാവു രന്യയുടെ രണ്ടാനച്ഛനാണ്. ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുള്ള പ്രോട്ടോകോൾ സൗകര്യം ദുരുപയോഗം ചെയ്ത് പോലീസ് എക്സ്കോർട്ടോടെ ഗ്രീൻ ചാനൽ വഴിയാണ് രന്യ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടന്നിരുന്നത്. അവിടെ നിന്ന് പോലീസ് വാഹനത്തിൽ അവരെ വസതിയിൽ എത്തിച്ച സന്ദർഭങ്ങളുമുണ്ട്. മാർച്ച് മൂന്നിന് രന്യറാവു സ്വർണ്ണവുമായി എത്തുന്ന വിവരം ഡി ആർ ഐയ്ക്ക് മുൻകൂട്ടി ലഭിച്ചിരുന്നു. ഡൽഹിയിൽ നിന്ന് പ്രത്യേക സംഘമെത്തി ബംഗളുരു വിമാനത്താവളത്തിൽ കാത്തുനിന്നു. കർണാടക പോലീസിന്റെ അകമ്പടിയോടെ ഗ്രീൻ ചാനൽ വഴി പുറത്തുകടക്കാനുള്ള രന്യയുടെ ശ്രമം ഡി ആർ ഐ തടയുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുക്കുകയും അവർ അറസ്റ്റിലാവുകയും ചെയ്തത്.
അധികാരത്തിന്റെ ഉന്നതങ്ങളിൽ വിപുലമായ സ്വാധീനമുള്ള രന്യറാവുവിന് സിദ്ധരാമയ്യ ഗവണ്മെന്റിലെ മൂന്ന് പ്രമുഖ മന്ത്രിമാരുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനകൾ ഡി ആർ ഐയുടെ അന്വേഷണത്തിനിടയിൽ പുറത്തുവന്നിരുന്നു. ദുബായിൽ നിന്ന് പുറപ്പെടും മുമ്പേ ഒരു മന്ത്രിയുമായി രന്യ ഫോണിൽ സംസാരിച്ചിരുന്നു. ബംഗളുരു എയർപോർട്ടിൽ പിടിക്കപ്പെട്ടപ്പോൾ രന്യ 'പ്ലീസ് ഹെൽപ്പ് മി സർ' എന്ന സന്ദേശമയച്ചത് ഈ മന്ത്രിയ്ക്കാണത്രെ. രന്യയെ സ്വർണ്ണവുമായി പിടികൂടിയ അന്നുതന്നെ ഡി ആർ ഐ സംഘം അവരുടെ ലാവല്ലെ റോഡിലുള്ള ആഡംബര ഫ്ളാറ്റ് റെയ്ഡ് ചെയ്തിരുന്നു. 2.67 കോടി ക്യാഷും 2.07 കോടി വിലമതിക്കുന്ന സ്വർണ്ണവും വസതിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഈ ഫ്ളാറ്റ് രന്യയുടെ ഭർത്താവ് ജതിൻ ഹുക്കേരിയുടേതാണ്. കഴിഞ്ഞ നവംബറിലാണ് രന്യയും ജതിനും തമ്മിൽ വിവാഹിതരായത്. വിവാഹശേഷമാണ് രന്യ അവിടെ താമസമാക്കിയത്. പക്ഷേ അതിലും ചില പ്രശ്നങ്ങളുണ്ട്. അത് വഴിയേ പറയാം.
സിനിമയിൽ നിന്ന് സ്വർണ്ണക്കടത്തിൽ
ചിക്കമംഗളൂർ സ്വദേശിനിയായ രന്യ റാവു ബംഗളുരുവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരിക്കെയാണ് അഭിനയത്തിൽ താല്പര്യം പ്രകടിപ്പിച്ചത്. ബിരുദപഠനം മുഴുവിപ്പിക്കാതെ മുംബൈയിൽ അഭിനയം പഠിക്കാൻ പോയി. 2014 ൽ പുറത്തുവന്ന 'മാണിക്യ'യാണ് ആദ്യചിത്രം.സൂപ്പർതാരങ്ങളായ സുദീപും രവിചന്ദ്രറുമൊക്കെ പ്രധാനവേഷത്തിലെത്തിയ ആ തെലുഗു റീമേക്ക് ചിത്രം വിജയിച്ചിരുന്നെങ്കിലും പിന്നീട് അഭിനയിച്ച തമിഴ്ചിത്രം വാഗ (2017), കന്നഡചിത്രം പടകി (2017) എന്നിവ ബോക്സ് ഓഫീസിൽ പരാജയമായി എന്നുമാത്രമല്ല രന്യ റാവു ക്രമേണ സിനിമയിൽ നിന്ന് ഔട്ട് ആവുകയും ചെയ്തു.
രന്യറാവു പിടിയിലായതിന്റെ പിറ്റേന്ന് തരുൺ രാജു എന്ന യുവാവും ഈ കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ദുബായ് -ബംഗളുരു ഇടനാഴിയിൽ വിപുലമായ രീതിയിലുള്ള സ്വർണ്ണക്കടത്തിന് നേതൃത്വം കൊടുത്തവരാണ് ഇരുവരും എന്നാണ് വിശദമായ അന്വേഷണത്തിൽ ഡി ആർ ഐയും സിബിഐയും കണ്ടെത്തിയിട്ടുള്ളത്. രന്യയെപോലെ തരുണും സിനിമയിൽ പരാജയപ്പെട്ട ആളാണ്. ബംഗളുരുവിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുടമയുടെ കൊച്ചുമകനായ തരുണിന് വിരാട് കൊണ്ടൂരു എന്നും പേരുണ്ട്. 2018-ൽ പരിചയം എന്ന തെലുഗു ചിത്രത്തിൽ ഇയാൾ നായകനായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. രന്യയ്ക്ക് തരുണുമായി ദീർഘകാലത്തെ സൗഹൃദമുണ്ട്. രണ്ടുപേരും ദുബായിൽ റസിഡന്റ് ഐഡന്റിറ്റി പെർമിറ്റ് ഉള്ളവരാണ്. തരുണിന്റെ യു എസ് പാസ്പോർട്ട് ഉപയോഗിച്ച് ഇവർ ദുബായിൽ നിന്ന് തായ്ലാൻഡ്, സ്വിറ്റ്സർലാൻഡ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് പലവട്ടം സഞ്ചരിച്ചിട്ടുണ്ടെന്നും അവിടങ്ങളിലേക്കും സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും പങ്കാളിത്തത്തിൽ ദുബായിൽ ഡയമണ്ട് ട്രേഡിംഗ് സ്ഥാപനമുണ്ട്. കഴിഞ്ഞ നവമ്പറിലായിരുന്നു രന്യയും പ്രശസ്ത ആർക്കിടെക് ജതിൻ ഹുക്കേരിയും തമ്മിലുള്ള വിവാഹം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ പങ്കുകൊണ്ട അത്യാഡംബര വിവാഹമായിരുന്നു. വിവാഹശേഷവും രന്യ വിദേശയാത്ര തുടർന്നത് അവരും ഭർത്താവും തമ്മിൽ വഴക്കിന് കാരണമായി. എന്നാൽ തരുണുമായുള്ള സൗഹൃദവും ബിസിനസ് പങ്കാളിത്തവും ഒഴിവാക്കാൻ രന്യ തയ്യാറായില്ല. ഡിസംബർ മുതലേ ഭാര്യയുമായി അകൽച്ചയിലാണെന്നും വിവാഹബന്ധം വേർപെട്ട അവസ്ഥയിലാണെന്നും ജതിൻ ഹുക്കേരി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നുണ്ട്.
പോലീസ് ഹൗസിങ് കോർപ്പറേഷന്റെ ചുമതല വഹിച്ചിരുന്ന ഡിജിപി കെ രാമചന്ദ്ര റാവു ഐ പി എസ് രന്യയുടെ രണ്ടാനച്ഛനാണ്. ആഭ്യന്തരമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമുള്ള ഓഫീസറാണ് രാമചന്ദ്രറാവു. ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുള്ള പ്രോട്ടോകോൾ സൗകര്യം ദുരുപയോഗപ്പെടുത്തിയാണ് വിമാനത്താവളത്തിൽ നിന്ന് പോലീസ് അകമ്പടിയിൽ ഗ്രീൻ ചാനലിലൂടെ രന്യ പുറത്തുകടന്നിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രോട്ടോകോൾ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിയോഗിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത, രാമചന്ദ്ര റാവുവിന്റെ മൊഴിയെടുത്തിരുന്നു. ഗവണ്മെന്റ് നിർദ്ദേശപ്രകാരം രാമചന്ദ്രറാവു നിർബന്ധിത അവധിയിലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേകകോടതി രന്യയുടെയും തരുണിന്റെയും ജാമ്യഹർജി തള്ളിയിരുന്നു. ഉന്നതതല ബന്ധങ്ങളുള്ള ഇരുവരെയും പുറത്തെത്തിക്കാൻ അഭിഭാഷകരുടെ ഒരു നിര തന്നെ പ്രവർത്തിക്കുന്നുണ്ട്. സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജി പരിഗണനയിലുണ്ട്.
നിഗൂഢ ദുബായ് യാത്രകൾ
രന്യറാവുവും അവരുടെ കൂട്ടാളിയും നടനുമായ തരുൺ രാജുവും അറസ്റ്റിലായ ഹൈപ്രൊഫൈൽ സ്വർണ്ണക്കടത്തിനെപ്പറ്റി ആശ്ചര്യവും അവിശ്വസനീയതയും ജനിപ്പിക്കുന്ന വിവരങ്ങളാണ് ദിവസേനെയെന്നോണം പുറത്തുവരുന്നത്. ദുബായിൽ നിന്ന് ബംഗളുരുവിന് പുറമെ മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇതര നഗരങ്ങളിലേക്കും ഈ സംഘം വൻതോതിൽ സ്വർണ്ണം കടത്തിയതായി തെളിവുലഭിച്ചതിനാൽ ഡി ആർ ഐ കൂടാതെ സി.ബി.ഐയും ഇ ഡിയും ഈ കേസ് കൂലംകഷമായി അന്വേഷിക്കുന്നുണ്ട്. റിമാണ്ടിലായ പ്രതികൾ ജാമ്യത്തിലിറങ്ങുന്നത് തടയാൻ ഏജൻസികൾ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുമ്പോഴാണ് അതൊക്കെ പുറംലോകമറിയുന്നത്. 2023 ജനവരി മുതൽ ഈ വർഷം ഫെബ്രവരി വരെ രന്യറാവു ദുബായ് സന്ദർശിച്ചത് എഴുപതോളം തവണയാണ്. 45 തവണ തനിച്ചും 27 പ്രാവശ്യം തരുൺ രാജുവിനോടൊപ്പവുമായിരുന്നു ആ യാത്രകൾ. പകുതിയോളം യാത്രകൾ രാവിലെ ദുബായിലേക്ക് പോയി രാത്രി ബംഗളുരുവിലോ ഹൈദരബാദിലോ തിരിച്ചെത്തുന്ന നിഗൂഢതകൾ നിറഞ്ഞ വൺഡേ ഇന്റർനാഷണൽ ട്രിപ്പുകളാണ്. 2023 ൽ ആണ് രന്യയും തരുണും ചേർന്ന് ദുബായിൽ വൈര ഡയമണ്ട് ട്രേഡിങ് കമ്പനി എന്ന സ്ഥാപനം ആരംഭിച്ചത്. ഇത് സ്വർണ്ണം കടത്താനുള്ള പുകമറയാണോ എന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. ഇരുവർക്കും യുഎഇയുടെ റെസിഡന്റ് ഐഡന്റിറ്റി പാസ്സുണ്ട്. ഹവാല വഴി ബംഗളുരുവിൽ നിന്നും മറ്റും ദുബായിലേക്ക് പണമെത്തിക്കാൻ നേതൃത്വം കൊടുത്തത് തരുൺ രാജും സ്വർണ്ണം കടത്തിയത് രന്യയുമാണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. മാർച്ച് മൂന്നിന് രന്യ ബംഗളുരുവിൽ നിന്നും തരുൺ ഹൈദരാബാദിൽ നിന്നുമാണ് ദുബായിലേക്ക് വിമാനം കയറിയത്. തിരിച്ചെത്തിയതും അങ്ങനെ തന്നെ. തരുണിന്റെ ടിക്കറ്റ് എടുത്തത് രന്യയാണെന്ന് ഡി ആർ ഐ കണ്ടെത്തിയിരുന്നു.
ജനീവ യിലേക്കും ബാങ്കോക്കിലേക്കും കയറ്റുമതി ചെയ്യാനാണ് സ്വർണ്ണം വാങ്ങിയതെന്നാണ് രന്യയും തരുണും ദുബായ് കസ്റ്റംസിന് നൽകിയ ഡിക്ലറേഷനിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ ആ സ്വർണ്ണം ഇന്ത്യയിലേക്ക് കടത്തുക യായിരുന്നു. സ്വർണ്ണക്കടത്തിന് അന്താരാഷ്ട്ര ബന്ധം ഉണ്ടാക്കിയത് യു എസ് പൗരത്വമുള്ള തരുൺ ആണെന്ന് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. അതിന് പുറമെ സ്വർണ്ണക്കടത്തിന് ആരൊക്കെ എത്ര പണം മുടക്കിയിട്ടുണ്ട്, എത്ര ലാഭം കിട്ടി എന്നൊക്കെ അന്വേഷിച്ചുവരികയാണ്. രന്യറാവുവിന്റെ ഉടമസ്ഥതയിൽ ബംഗളുരുവിലുള്ള മൂന്നു സ്ഥാപനങ്ങളുടെ പണമിടപാടുകൾ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് വൻ തുകകൾ വരികയും പോവുകയും ചെയ്തിട്ടുള്ളതായി സൂചനയുണ്ട്.
രന്യറാവു ഫോട്ടോഗ്രാഫി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 2020 ൽ രന്യ തുടങ്ങിയതാണ്. അയ്റസ് ഗ്രീൻസ് എന്ന സ്ഥാപനം 2021 ലും ക്ഷിരോദ ഇന്ത്യ എന്ന കമ്പനി 2022 ലും ആരംഭിച്ചു. മൂന്ന് സ്ഥാപനത്തിലും ഹർഷവർദ്ധിനി എന്നുകൂടി പേരുള്ള രന്യ ഡയറക്ടറാണ്. അമ്മ പി എച്ച് രോഹിണി അയ്റസ് ഗ്രീൻസിലും സഹോദരൻ കെ റിഷബ് ക്ഷിരോദ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലും ഡയറക്ടർമാരാണ്. മാധ്യമങ്ങൾ അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയണമെന്നുള്ള രന്യയുടെ അമ്മ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയിട്ടുണ്ട്. കന്നഡയിലെ ചില ടിവി, യൂട്യൂബ് ചാനലുകൾ ഈ കേസ് പൊടിപ്പും തൊങ്ങലും വെച്ച് ആഘോഷിക്കുകയാണ്. കർണ്ണാടകത്തിൽ അധികാരത്തിന്റെ അത്യുന്നതങ്ങളിൽ രന്യ കേസ് പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.