07:48am 09 November 2026
NEWS
മൂലംമ്പിള്ളി പാക്കേജ് തൊഴിൽ വിഷയത്തിൽ ഉന്നതതല യോഗം . എർത്ത് ഫില്ലിംഗ് ഉപസമിതിയെ നിയോഗിച്ചു
31/07/2026  06:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മൂലംമ്പിള്ളി  പാക്കേജ്  തൊഴിൽ വിഷയത്തിൽ ഉന്നതതല യോഗം . എർത്ത് ഫില്ലിംഗ് ഉപസമിതിയെ നിയോഗിച്ചു

കൊച്ചി: വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ പദ്ധതിയുടെ റോഡ് റെയിൽ കണക്ടിവിറ്റിക്കു വേണ്ടി മുളവുകാട്, മൂലംപള്ളി, കോതാട് ചേരാനല്ലൂർ, ഏലൂർ, വടുതല, കടുങ്ങല്ലൂർ, ഇളമക്കര പോണേക്കര എന്നീ പ്രദേശങ്ങളിൽ നിന്ന് 2008 ൽ കുടിയൊഴിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസ ഉത്തരവ് പൂർത്തിയാക്കുന്നതിനു വേണ്ടി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ് മോണിറ്ററിംഗ് കമ്മിറ്റി വിളിച്ചു ചേർത്തു. കുടിയൊഴിക്കപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ ഉത്തരവ് പ്രകാരം തൊഴിൽ നൽകുന്നതിന് മന്ത്രി തലത്തിൽ ഉന്നത അധികാര സമിതിയുടെ യോഗം വിളിക്കാൻ തീരുമാനമായി. തുതിയൂർ ആദർശനഗർ, തുതിയൂർ ഇന്ദിരാ നഗർ, മുളവുകാട് എന്നീ ചതുപ്പ് സമാനമായ പുനരധിവാസ സൈറ്റുകൾ ( 185 കുടുംബങ്ങൾക്കുള്ള പ്ലോട്ടുകൾ) വാസയോഗ്യമാക്കുവാൻ ആവശ്യമായ മണ്ണ് കൊച്ചിൻ പോർട്ട് അതോറിറ്റി നൽകും. അതിൻ്റെ മേൽനോട്ടം വഹിക്കുന്നതിനു വേണ്ടി ഒരു ഉപസമിതിയും തീരുമാനിച്ചു. രണ്ടാഴ്ചക്കുള്ളിൽ മുളവുകാട് പോലീസ് സ്റ്റേഷന് സമീപം കണ്ടെയ്നർ റോഡിലുള്ള പുനരധിവാസ സൈറ്റ് പരിശോധിക്കുവാൻ കളക്ടർ എത്തും എന്ന് തീരുമാനിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മോണിറ്ററിംഗ് കമ്മിറ്റിയിൽ വൈപ്പിൻ നിയോജകമണ്ഡലം എംഎൽഎ ടോണി ചമ്മിണി, വരാപ്പുഴ അതിരൂപത പിഎസി ചെയർമാൻ ഫാ : ഫ്രാൻസീസ് സേവ്യർ താന്നിക്കപ്പറമ്പിൽ, കോർഡിനേഷൻ കമ്മിറ്റിയുടെ ഭാരവാഹികളായ ഫ്രാൻസീസ് കളത്തുങ്കൽ, വി.പി വിൽസൻ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, ഉദ്യോഗസ്ഥരായ കണയന്നൂർ തഹസിൽദാർ,  കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥർ, എൻ എച്ച്ഐ, പിഡബ്ല്യുഡി കടമക്കുടി പഞ്ചായത്ത് അസി: സെക്രട്ടറി, ജിസിഡിഎ, ഇറിഗേഷൻ എന്നിവയുടെ പ്രതിനിധികൾ, മുളവുകാട് എസ്എച്ച്ഒ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img