05:57pm 17 September 2026
NEWS
ഖത്തറിൽ ആരോഗ്യ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ ഉന്നതതല ചർച്ച
16/09/2026  10:17 AM IST
nila
ഖത്തറിൽ ആരോഗ്യ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ ഉന്നതതല ചർച്ച

 


​ദോഹ: ഖത്തറിലെ ആരോഗ്യ സേവന രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പൊതു-സ്വകാര്യ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയവും ഖത്തർ ബിസിനസ് മെൻസ് അസോസിയേഷനും (ക്യു.ബി.എ) തമ്മിൽ ചർച്ച നടത്തി. പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദും ക്യു.ബി.എ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും തമ്മിലായിരുന്നു കൂടിക്കാഴ്ച.
​രാജ്യത്തിന്റെ മൂന്നാം ദേശീയ വികസന തന്ത്രത്തിനും 'ഖത്തർ നാഷണൽ വിഷൻ 2030' നും അനുസൃതമായി സ്വകാര്യ ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുക, മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുക, പ്രിസിഷൻ മെഡിസിൻ തുടങ്ങിയ വിദഗ്ധ മേഖലകളിൽ ശേഷി വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
​ആരോഗ്യ സംരക്ഷണ രംഗത്ത് 2030 വരെയുള്ള മുൻഗണനാ പദ്ധതികളും മന്ത്രാലയത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടുകളും ചർച്ചയിൽ അവതരിപ്പിച്ചു. ഹെൽത്ത് ഇൻഷുറൻസ് സംവിധാനത്തിലെ പുതിയ മാറ്റങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമുള്ള ലൈസൻസിംഗ് നടപടികൾ ലളിതമാക്കൽ, ഗുണനിലവാരം ഉറപ്പാക്കൽ എന്നിവയും വിഷയമായി.
​കൂടാതെ, രാജ്യത്തിന്റെ ഔഷധ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കുള്ള സാങ്കേതിക-നിയന്ത്രണ വ്യവസ്ഥകൾ ലളിതമാക്കുക, ആരോഗ്യ അടിയന്തിര ഘട്ടങ്ങളിലെ സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ പ്രധാന കാര്യങ്ങളും യോഗത്തിൽ വിലയിരുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img