
കൊച്ചി: ജഡ്ജിയെക്കുറിച്ച് കക്ഷിക്ക് പക്ഷപാതപരമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ, തൊടുപുഴ ഫാമിലി കോടതിയിലെ വൈവാഹിക കേസ് മൂവാറ്റുപുഴ ഫാമിലി കോടതിയിലേക്ക് മാറ്റി കേരള ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി.യുടെതാണ് ഈ നിർണ്ണായക ഉത്തരവ്.
കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നിലനിർത്താനും നീതിനിർവ്വഹണം സുതാര്യമാണെന്ന് ഉറപ്പുവരുത്താനുമാണ് ഈ നടപടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഹർജിക്കാരി തൊടുപുഴ ഫാമിലി കോടതി ജഡ്ജിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ സത്യവിവസ്ഥയെക്കുറിച്ച് ഹൈക്കോടതി അഭിപ്രായപ്രകടനം നടത്തിയിട്ടില്ല.
ഹർജിക്കാരിയും മുൻ ഭർത്താവും തമ്മിലുള്ള പണവും സ്വർണ്ണാഭരണങ്ങളും തിരികെ ലഭിക്കുന്നതിനായുള്ള ഹർജിയാണ് തൊടുപുഴയിൽ നിന്ന് മാറ്റിയത്. മക്കളെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ ഭർത്താവിനെതിരെ താൻ നൽകിയ പോക്സോ (POCSO) കേസുകളുടെ പ്രതികാരമായാണ് അയാൾ വിവാഹമോചന ഹർജി നൽകിയതെന്നും, ക്രിമിനൽ കേസുകളുടെ പശ്ചാത്തലം പരിഗണിക്കാതെയാണ് ഫാമിലി കോടതി അയാൾക്ക് അനുകൂലമായി വിവാഹമോചനം അനുവദിച്ചതെന്നും ഹർജിക്കാരി ആരോപിച്ചിരുന്നു. ഈ കേസിൽ പക്ഷപാതപരമായ തീരുമാനമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയതായും അവർ വ്യക്തമാക്കി.
സാധാരണ ഗതിയിൽ തങ്ങൾക്ക് എതിരായ ഒരു വിധി വന്നു എന്നതുകൊണ്ടു മാത്രം കോടതിക്ക് പക്ഷപാതമുണ്ടെന്ന് ആരോപിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്നാൽ കേസിന്റെ മുൻകാല നടത്തിപ്പിൽ നീതിപൂർവ്വമല്ലാത്ത ഇടപെടലുകളോ മുൻവിധിയോടെയുള്ള പെരുമാറ്റമോ ഉണ്ടായാൽ ഇത്തരം ആശങ്കകൾ ന്യായമാണെന്ന് വിലയിരുത്തി.
ഹൈക്കോടതി നോട്ടീസ് അയച്ചിട്ടും ഹർജിക്കാരിയുടെ മുൻ ഭർത്താവ് കോടതിയിൽ ഹാജരായിരുന്നില്ല. കേസിന്റെ ഗൗരവവും നീതിയുക്തമായ വിചാരണയുടെ ആവശ്യകതയും മുൻനിർത്തി തൊടുപുഴ കോടതിയിലെ നടപടികൾ ഉടനടി മൂവാറ്റുപുഴ ഫാമിലി കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.










