
കൊച്ചി: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് സംവരണ ആനുകൂല്യങ്ങൾ പൂർണ്ണമായി ലഭ്യമാക്കാൻ പട്ടിക പുതുക്കുന്നതിൽ വീഴ്ചവരുത്തിയ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വിഷയം പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടും കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സാമൂഹിക-സാമ്പത്തിക സർവേ പൂർത്തിയാക്കി ആറു മാസത്തിനകം സംവരണപ്പട്ടിക പുതുക്കാൻ 2020-ൽ തന്നെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് 'മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ്' സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് കോടതി കടുത്ത നിലപാടിലേക്ക് കടന്നത്.
കേസിൽ കേന്ദ്ര സാമൂഹികനീതി വകുപ്പ് കോടതിയിൽ വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിച്ചു. 2021-ലെ ഭരണഘടനാ ഭേദഗതി പ്രകാരം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരുടെ പട്ടിക തയ്യാറാക്കാനും അർഹത നിശ്ചയിക്കാനും സംസ്ഥാനങ്ങൾക്കാണ് പൂർണ്ണ അധികാരമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. കൂടാതെ, 2011-ലെ സെൻസസിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങൾ 2023 മേയിൽ തന്നെ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ മറുപടി ലഭ്യമായിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്ക്രിയത്വത്തിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കേന്ദ്രം നൽകിയ വിവരങ്ങൾ കൂടി പരിഗണിച്ച്, സെപ്തംബർ എട്ടിനകം കൃത്യമായ സത്യവാങ്മൂലം നൽകാൻ സംസ്ഥാന പിന്നാക്ക വികസന ഡയറക്ടർക്കും പിന്നാക്ക വിഭാഗ കമ്മിഷൻ സെക്രട്ടറിക്കും ഹൈക്കോടതി കർശന നിർദ്ദേശം നൽകി. ഹർജി സെപ്തംബർ 11-ന് കോടതി വീണ്ടും പരിഗണിക്കും.










