12:32pm 13 November 2026
NEWS
മദ്യ ബ്രാൻഡിന് പേര് നിർദ്ദേശിക്കാനുള്ള മത്സരം ഹൈക്കോടതി സ്റ്റേ ചെയ്തു
12/02/2026  06:29 PM IST
nila
മദ്യ ബ്രാൻഡിന് പേര് നിർദ്ദേശിക്കാനുള്ള മത്സരം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: മദ്യ ബ്രാൻഡിന് പേര് നിർദേശിക്കാൻ സംഘടിപ്പിച്ച മത്സരത്തിന്റെ നടപടികൾ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. കൊല്ലത്തെ കോൺഗ്രസ് നേതാവ് എം.എം. സഞ്ജീവ് കുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. പൊതുജനങ്ങളോട് മദ്യത്തിന് പേര് നിർദേശിക്കാൻ ആവശ്യപ്പെടുന്നത് അബ്കാരി ചട്ടങ്ങളുടെ ലംഘനമാണെന്നും, സർക്കാർ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള നടപടിയാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബെവ്‌കോയുടെ നടപടി നിയമവിരുദ്ധമാണെന്നും ഇത് പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ മലബാർ ഡിസ്റ്റിലറീസിനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

ഇതിനിടെ, മത്സരവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ബന്ധമില്ലെന്നും, നിലവിൽ മദ്യ ഉൽപാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ബെവ്‌കോ കോടതിയെ അറിയിച്ചിട്ടുണ്ട്. ഉൽപാദന പ്രവർത്തനങ്ങളിൽ പങ്കില്ലാത്തതിനാൽ പേരിടൽ മത്സരം നടത്തേണ്ട സാഹചര്യമില്ലെന്നുമാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറക്കാനുദ്ദേശിക്കുന്ന ഇന്ത്യൻ നിർമിത ബ്രാൻഡിക്ക് പേര്, ലോഗോ എന്നിവ നിർദേശിക്കാൻ പൊതുജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചായിരുന്നു പരസ്യം. മികച്ച പേര് നിർദേശിക്കുന്നവർക്കു 10,000 രൂപ സമ്മാനം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നൽകിയ ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img