
ധർമ്മസ്ഥല വിവാദത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരിൽ പ്രധാനിയാണ് മഹേഷ് ഷെട്ടി തിമരോടി. ഹിന്ദു ജാഗരണ വേദികെ നേതാവായ അദ്ദേഹം സൗജന്യ കൊലക്കേസ് ആക്ഷൻ കമ്മിറ്റി പ്രസിഡണ്ടാണ്. സൗജന്യയുടെ കൊലപാതകത്തിലും മറ്റുചില സംഭവങ്ങളിലും ധർമ്മസ്ഥല ക്ഷേത്രം ട്രസ്റ്റിന് പങ്കുണ്ടെന്ന സംശയം വളർത്തിയെടുത്തത് ആക്ഷൻ കമ്മിറ്റിയാണ്. തിമരോടിയ്‌ക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ക്ഷേത്രം ട്രസ്‌റ്റുമായി ചില തർക്കങ്ങളുണ്ടെന്ന് എസ് ഐ ടി കണ്ടെത്തിയിരുന്നു. മാസ്ക്മാൻ ചിന്നയ്യയെ രംഗത്തിറക്കി സ്തോഭജനകമായ വെളിപ്പെടുത്തൽ നടത്തി ധർമ്മസ്ഥലയെ പ്രതിസന്ധിയിലാക്കിയത് തിമരോടിയും സഹായികളുമാണെന്നും എസ് ഐ ടി കണ്ടെത്തിയിരുന്നു. തിമരോടിയുടെ ഉജിരെയിലെ വീട്ടിൽ രണ്ടുമാസം താമസിച്ചിരുന്നെന്ന് ചിന്നയ്യ എസ് ഐ ടിയുടെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. എസ് ഐ ടി ഈ വീട് റെയ്ഡ് ചെയ്ത് തോക്ക് ഉൾപ്പെടെയുടെ മാരകായുധങ്ങളും ചിന്നയ്യയുടെ ഫോൺ, വസ്ത്രങ്ങൾ തുടങ്ങിയവയും കണ്ടെടുത്തിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് തിമരോടി. നാലുദിവസം മുമ്പ് ഇയാളെ ദക്ഷിണ കന്നഡ ജില്ലയിൽ നിന്ന് റെയ്ച്ചൂരിലേക്ക് നാടുകടത്തിക്കൊണ്ട് പുത്തൂർ അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല വർഗീസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനുമുമ്പ് തന്നെ, നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി തിമരോടിയ്‌ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഒന്നും കൈപ്പറ്റിയിരുന്നില്ല. വിവാദമായ വെളിപ്പെടുത്തലിന് രണ്ടുമാസം ചിന്നയ്യ സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തതിന്റെ പിന്നിലും തിമരോടിയും സഹായികളുമാണെന്നതാണ് മറ്റൊരു കണ്ടെത്തൽ. ഹരജി സുപ്രീം കോടതി തള്ളിയ കാര്യം മറച്ചുവെച്ചാണ് ചിന്നയ്യ ബെൽത്തങ്ങടിയിൽ രഹസ്യമൊഴി നൽകി വെളിപ്പെടുത്തൽ നടത്തിയത്. നാടുകടത്തൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ, ഒളിവിലായിരുന്ന തിമരോടിയ്‌ക്ക് താത്കാലിക ആശ്വാസം ലഭിച്ചു. ഈ മാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ തിമരോടിയെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് സി എം പൂനപ്പ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിലുണ്ട്. ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ വിവാദം കലങ്ങിത്തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
Photo Courtesy - Google











