04:27pm 09 November 2026
NEWS
നിതിൻ രാജ് കേസ്: 'അറസ്റ്റ് നാടകം'; പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, ഗൂഢാലോചന അന്വേഷിക്കണം
22/07/2026  12:56 PM IST
nila
നിതിൻ രാജ് കേസ്: അറസ്റ്റ് നാടകം; പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, ഗൂഢാലോചന അന്വേഷിക്കണം

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി വിട്ടയച്ച സംഭവത്തിൽ സംസ്ഥാന പൊലീസിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, സമഗ്ര അന്വേഷണം വേണമെന്നും മുന്നറിയിപ്പ് നൽകി.

ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒളിവിലായിരുന്ന ഡോ. റാമിനെ അറസ്റ്റ് ചെയ്തെങ്കിലും സുപ്രീം കോടതി നിർദേശിച്ച നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ എസ്.സി/എസ്.ടി പ്രത്യേക കോടതി വിട്ടയച്ച കാര്യം നിതിൻ രാജിന്റെ മാതാപിതാക്കളുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് പിന്നാലെ പൊലീസിന്റെ നടപടികളെ കോടതി ശക്തമായി വിമർശിച്ചു. സംസ്ഥാനത്തെ പൊലീസ് ഭരണസംവിധാനം പൂർണമായും തകർന്ന നിലയിലാണെന്നും പണമുള്ളവർക്ക് നിയമം വേറെയും സാധാരണക്കാർക്ക് വേറെയും ആണോ എന്ന സംശയം ഉയരുന്ന സാഹചര്യമാണിതെന്നും കോടതി നിരീക്ഷിച്ചു.

പ്രതി ഒളിവിലായിരുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം കീഴടങ്ങാൻ എത്തിയപ്പോൾ അറസ്റ്റ് നാടകം നടത്തുകയായിരുന്നുവെന്ന് കോടതി വിമർശിച്ചു. അറസ്റ്റ് നടപടികളിലെ അടിസ്ഥാന നിയമങ്ങൾ പോലും പാലിക്കാതെ പ്രതിക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡോ. റാമിനെ തടവിലാക്കാതിരിക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, ഇതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഫോൺവിളികൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് നിർദേശിച്ചു. കേസിലെ അന്വേഷണ ചുമതല വഹിച്ച ഡിവൈഎസ്പിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

നിതിൻ രാജ് ലോൺ ആപ്പിലെ കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന പൊലീസിന്റെ വാദവും കോടതി ചോദ്യം ചെയ്തു. ഇത്തരമൊരു വിശദീകരണം വിശ്വസിക്കാൻ സാധിക്കുമോയെന്ന് ചോദിച്ച കോടതി, അന്വേഷണ സംഘത്തെ മാറ്റി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും വിമർശിച്ചു.

സുപ്രീം കോടതി വരെ ജാമ്യം നിഷേധിച്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയ പ്രതിയെ, അറസ്റ്റിന്റെ കാരണം അറിയിച്ചില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വിട്ടയച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് നിതിൻ രാജിന്റെ മാതാപിതാക്കളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അറസ്റ്റിന്റെ വിവരങ്ങൾ പ്രതിക്ക് അറിയില്ലായിരുന്നുവെന്ന വാദം വിശ്വസനീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിയെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ അറസ്റ്റ് സമയത്ത് പ്രത്യേക കോടതിയിൽ സമർപ്പിച്ച രേഖകളും ഉത്തരവുകളും ഹാജരാക്കാൻ നിർദേശിച്ച ഹൈക്കോടതി, കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img