
കൊച്ചി: ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ ആസൂത്രിത നാടകവും ഗുരുതര വീഴ്ചയും തുറന്നുകാട്ടി ഹൈക്കോടതിയുടെ കടുത്ത ആക്ഷേപം. ഓപ്പറേഷൻ തൂഫാൻ പോലെ സർക്കാർ നടപ്പിലാക്കുന്ന നല്ല കാര്യങ്ങളെപ്പോലും നാറ്റിക്കാനാണോ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ രൂക്ഷമായ ഭാഷയിൽ ചോദിച്ചു.
ആഭ്യന്തര വകുപ്പിന്റെ പ്രതിച്ഛായ തകർക്കുന്ന രീതിയിലാണ് ക്രൈംബ്രാഞ്ചിന്റെ ഇടപെടലെന്ന് ചൂണ്ടിക്കാണിച്ച കോടതി, കേസിലെ പ്രതിയായ ഡോ. റാമിന് രക്ഷപ്പെടാൻ വഴി ഒരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുധീർകല്ലനെ നേരിട്ട് വിളിപ്പിച്ചുവരുത്തി നിറുത്തിപ്പൊരിച്ചു.
അറസ്റ്റിന്റെ കാരണം കൃത്യമായി വ്യക്തമാക്കാതെ പ്രതി ഡോ. റാമിന് സുപ്രീംകോടതിയെ വരെ സമീപിച്ച് രക്ഷപ്പെടാൻ അവസരമൊരുക്കുകയാണ് പൊലീസ് ചെയ്തത്.
പൊലീസിന്റെ ധാർഷ്ട്യത്തിന് തിരിച്ചടി: "ആരെയും എപ്പോഴും ഉപദ്രവിക്കാമെന്ന ചിന്ത പൊലീസിന് വേണ്ട. സാധാരണക്കാർക്കായി ഇവിടെ കോടതിയുണ്ട്, ഇവിടെ നീതി അന്യം നിന്നുപോയിട്ടില്ല," എന്ന് സിംഗിൾബെഞ്ച് താക്കീത് നൽകി.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ കേസിലൊട്ടാകെ വിശദമായ അന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി തുടങ്ങിയെന്നും പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തെന്നും സർക്കാർ വിശദീകരിച്ചെങ്കിലും, പൊലീസിന്റെ ഇത്തരം ഒത്തുകളികൾ കാരണം മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വിഷമം മാറില്ലെന്ന് കോടതി ആവർത്തിച്ചു.
“ഒറ്റ മുറിവേ ഉണ്ടാക്കിയുള്ളൂ, അത് കഴുത്തിലായിപ്പോയി എന്ന് പറയുന്നത് പോലെയാണ് പൊലീസിന്റെ ന്യായീകരണം.”
— ഹൈക്കോടതി സിംഗിൾ ബെഞ്ച്
അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും മേലാധികാരികളിൽ നിന്നും ഉണ്ടായ ഈ ഗുരുതര വീഴ്ചയിൽ സർക്കാരിനോട് സ്വീകരിച്ച നടപടികളുടെ വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നാണംകെട്ട വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.










