
കൊച്ചി: നിയമവിദ്യാർഥികളുടെ ഇന്റേൺഷിപ്പിനുള്ള നയം കേരള ഹൈക്കോടതി പരിഷ്കരിച്ചു. പുതുക്കിയ നയപ്രകാരം നിയമപഠനത്തിന്റെ അവസാന രണ്ടു വർഷങ്ങളിലുള്ള വിദ്യാർഥികൾക്കു മാത്രമായിരിക്കും ഹൈക്കോടതിയിൽ ഇന്റേൺഷിപ്പിന് അർഹത. എന്നാൽ ജഡ്ജിമാരുടെ കീഴിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർഥികൾക്ക് ഈ നിയന്ത്രണത്തിൽ ഇളവുണ്ടാകും.
ഈ വർഷം നേരത്തേ പുറത്തിറക്കിയ നയത്തിനു പകരമായാണ് കേരള ഹൈക്കോടതി ഇന്റേൺഷിപ്പ് നയം, 2026 (ഭേദഗതി ചെയ്തത്) പ്രാബല്യത്തിൽ വരുന്നത്. അപേക്ഷ സമർപ്പിക്കൽ, പ്രവേശനം, ഹാജർ, പെരുമാറ്റച്ചട്ടം തുടങ്ങിയ കാര്യങ്ങൾ പുതുക്കിയ നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജഡ്ജിമാർ, ഹൈക്കോടതിയിലെ വിവിധ വിഭാഗങ്ങൾ, അഡ്വക്കേറ്റ് ജനറൽ, നിയമ ഉദ്യോഗസ്ഥർ, കേരള സംസ്ഥാന നിയമസേവന അതോറിറ്റി, മീഡിയേഷൻ സെന്റർ, കേരള ബാർ കൗൺസിൽ, അഭിഭാഷകർ തുടങ്ങിയവരുടെ കീഴിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർഥികൾക്ക് നയം ബാധകമാണ്. എന്നാൽ ഐ.ടി. ഡയറക്ടറേറ്റിനു കീഴിലുള്ളതും കേരള ജുഡീഷ്യൽ അക്കാദമിയിൽ നടത്തുന്നതും നുവാൽസുമായോ മറ്റു സ്ഥാപനങ്ങളുമായോ സഹകരിച്ചു നടത്തുന്നതുമായ ഇന്റേൺഷിപ്പ് പരിപാടികളെ നയത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്റേൺഷിപ്പിനുള്ള അപേക്ഷകൾ നിശ്ചിത ഓൺലൈൻ സംവിധാനം വഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ, സ്ഥാപനമേധാവി അല്ലെങ്കിൽ ബന്ധപ്പെട്ട പങ്കാളി മുഖേന നിർദിഷ്ട നടപടിക്രമം പാലിച്ച് കൈമാറണം. അപൂർണമായതും ശരിയായ മാർഗത്തിലൂടെ സമർപ്പിക്കാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ല.
അപേക്ഷകളുടെ ഏകോപനവും പ്രവേശന പാസുകളുടെ വിതരണവും പബ്ലിക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ.) നിർവഹിക്കും. ഓൺലൈൻ സംവിധാനം വഴി അപേക്ഷിച്ചവർക്കു മാത്രമേ പ്രവേശന പാസ് അനുവദിക്കൂ. ഇന്റേണുകളുടെ പ്രവേശനം ആനുപാതികമായി ക്രമീകരിക്കുന്നതിന് നിശ്ചിത സ്ലോട്ടുകൾ അനുവദിക്കും. പരമാവധി എത്ര വിദ്യാർഥികളെ ഉൾപ്പെടുത്താമെന്ന് രജിസ്ട്രാർ ജനറൽ തീരുമാനിക്കും.
അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പ് പ്രാഥമിക മാർഗനിർദേശ പരിപാടിയിൽ പങ്കെടുക്കുന്നത് നിർബന്ധമാണ്. പ്രവേശനം ലഭിച്ചശേഷം, ഇന്റേൺഷിപ്പ് ചെയ്യുന്ന വിഭാഗത്തിന് അനുസരിച്ച് ബന്ധപ്പെട്ട ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറിയോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ തുടർനിർദേശങ്ങൾ നൽകും.
കോടതിയുടെ പ്രവൃത്തിദിവസങ്ങളിലായിരിക്കും ഇന്റേൺഷിപ്പ്. ബന്ധപ്പെട്ട ജഡ്ജിയോ ഓഫീസോ കാലാവധി നിശ്ചയിക്കും. കാലാവധി നീട്ടുന്നതിന് പുതിയ അപേക്ഷ സമർപ്പിക്കണം. വിദ്യാർഥികൾ ദിവസവും എത്തുമ്പോഴും മടങ്ങുമ്പോഴും ഹാജർ രേഖയിൽ ഒപ്പിടണം. ഹാജർരേഖ പി.ആർ.ഒ. സൂക്ഷിക്കും.
അനുമതി നൽകിയ സ്ഥലങ്ങളിൽ മാത്രമേ ഇന്റേണുകൾ പ്രവേശിക്കാവൂ. കോടതി പ്രവൃത്തിസമയവും ഓഫീസ് സമയക്രമവും കർശനമായി പാലിക്കണം. കോടതിയുടെ അന്തസ്സിനു യോജിച്ച രീതിയിൽ പെരുമാറണമെന്നും ഉച്ചത്തിൽ സംസാരിക്കുകയോ ബഹളംവെക്കുകയോ കോടതി നടപടികൾക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യരുതെന്നും നയം നിർദേശിക്കുന്നു.
കോടതിമുറികളിലും സുരക്ഷാപ്രാധാന്യമുള്ള സ്ഥലങ്ങളിലും മൊബൈൽ ഫോൺ, ക്യാമറ, മറ്റ് റെക്കോർഡിങ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. കൈവശമുള്ള മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യണം. കോടതിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ചിത്രമെടുക്കുകയോ റെക്കോർഡിങ് നടത്തുകയോ ചെയ്താൽ ഇന്റേൺഷിപ്പ് ഉടൻ അവസാനിപ്പിക്കും.
അഭിഭാഷകർക്കായി നീക്കിവെച്ചിട്ടുള്ള കാന്റീനുകൾ, ഭക്ഷണശാലകൾ, വിശ്രമസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇന്റേണുകൾക്ക് പ്രവേശനമില്ല. കോടതിമുറികളിലെ ഇരിപ്പിടങ്ങളിലും അഭിഭാഷകർക്കായിരിക്കും മുൻഗണന.










