
ചണ്ഡീഗഢ്: കോടതി നടപടികൾക്കിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകളും ഗൂഗിളും ഉപയോഗിച്ച അഭിഭാഷകരെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇത് 'പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം' എന്ന് കോടതി വിശേഷിപ്പിച്ചു.
വാദത്തിനിടെ ബെഞ്ചിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മൊബൈൽ ഫോൺ ഉപയോഗിച്ച ഒരു അഭിഭാഷകൻ്റെ ഉപകരണം കോടതി താത്കാലികമായി പിടിച്ചെടുക്കുകയും ചെയ്തു.
ജസ്റ്റിസ് സഞ്ജയ് വസിഷ്ഠാണ് ഉത്തരവിട്ടത്. വാദങ്ങൾ അവതരിപ്പിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് 'അംഗീകരിക്കാനാകാത്തതും അനാദരവും' ആണെന്ന് കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഐപാഡുകളോ ലാപ്ടോപ്പുകളോ ഉപയോഗിക്കുന്നത് സ്വീകാര്യമാണെങ്കിലും മൊബൈൽ ഫോണുകൾ ആ ഗണത്തിൽപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ലൈവ് സെർച്ചുകൾക്കും എഐ ടൂളുകൾക്കുമായി അഭിഭാഷകർ സമയം പാഴാക്കുന്നത് കാരണം പലപ്പോഴും കോടതി നടപടികൾ തടസ്സപ്പെടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
"കേസിന് വേണ്ടി മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്താതെ ലൈവ് തിരയലുകളെ ആശ്രയിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. കേസിനായുള്ള വിവരങ്ങൾ അഭിഭാഷകർ നേരത്തെ ശേഖരിക്കേണ്ടതായിരുന്നു," ജസ്റ്റിസ് വസിഷ്ഠ് പറഞ്ഞു.
സമാനമായ സംഭവമുണ്ടായപ്പോൾ മുമ്പും മൊബൈൽ ഉപകരണം പിടിച്ചെടുത്ത കാര്യം കോടതി ഓർമ്മിപ്പിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ 'കൂടുതൽ കർശനമായ ഉത്തരവുകൾ' പുറപ്പെടുവിക്കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കോടതിയുടെ നിർദ്ദേശങ്ങൾ അഭിഭാഷകരെ അറിയിക്കുന്നതിനായി ഉത്തരവിൻ്റെ പകർപ്പ് ബാർ അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറാനും ജസ്റ്റിസ് വസിഷ്ഠ് നിർദ്ദേശം നൽകി.











