02:45pm 24 August 2026
NEWS
യഡിയൂരപ്പയ്‌ക്ക് എതിരായ പോസ്‌കോ കേസ് റദ്ദാക്കാൻ ഹൈക്കോടതി കൂട്ടാക്കിയില്ല
14/11/2025  11:27 AM IST
വിഷ്ണുമംഗലം കുമാർ
യഡിയൂരപ്പയ്‌ക്ക് എതിരായ പോസ്‌കോ കേസ് റദ്ദാക്കാൻ ഹൈക്കോടതി കൂട്ടാക്കിയില്ല

കർണാടകത്തിലെ ബിജെപിയെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യഡിയൂരപ്പ പ്രതിയായ പോസ്കോ കേസ്. 2024 മെയ്‌ 26ന് സാമൂഹിക പ്രവർത്തകയായ അമ്മയും പതിനേഴുകാരിയായ മകളും ഒരു പ്രശ്നത്തിൽ സഹായം തേടി യഡിയൂരപ്പയുടെ ബംഗളുരുവിലെ വസതിയിൽ എത്തിയിരുന്നു. മകളെ യഡിയൂരപ്പ അകത്തേ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി എന്നാണ് കേസ്. അതിന്റെ പിന്നിൽ രാഷ്ട്രീയ വിദ്വേഷമുണ്ടെങ്കിലും അത് കോടതിയിൽ പ്രതിഫലിച്ചിരുന്നില്ല. കേസ് ഗവണ്മെന്റ് സി ഐ ഡി വിഭാഗത്തിന് കൈമാറി.അമ്പതിലേറെ പ്രമുഖരുടെ പേരിൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള പരാതി നൽകിയിട്ടുള്ള ശല്യക്കാരിയായ വ്യവഹാരിയായാണ് പരാതിക്കാരി അറിയപ്പെട്ടിരുന്നത്. അവരുടെ പിന്നിൽ ഭരണരംഗത്തെ പ്രമുഖൻ ഉണ്ടെന്ന ആരോപണം ഉയർന്നിരുന്നു. പരാതി നൽകി ഏതാനും മാസത്തിനകം അമ്മ മരണമടഞ്ഞു. വർഷങ്ങളോളമായി അലട്ടിയിരുന്ന മാരകരോഗം മൂർച്ഛിച്ചതായിരുന്നു കാരണം. കേസ്സിൽ നിന്ന് തലയൂരാൻ യഡിയൂരപ്പയും കൂട്ടുപ്രതികളായ മൂന്ന് സഹായികളും ശ്രമിച്ചുപോന്നു.എന്നാൽ പോസ്‌കോ കേസ്സായതിനാലും ഗവണ്മെന്റിന് രാഷ്ട്രീയലക്ഷ്യമുള്ളതിനാലും ആ നീക്കം ഫലവത്തായില്ല. എൺപത്തിരണ്ട് വയസ്സുള്ള യഡിയൂരപ്പയുടെ രാഷ്ട്രീയ പ്രവർത്തനത്തെ പോസ്കോ കേസ് ദോഷമായി ബാധിച്ചു. പാർട്ടിയ്ക്കകത്തും പുറത്തുമുള്ള ശത്രുക്കൾ അദ്ദേഹത്തെ കടിച്ചുകീറാൻ ആരംഭിച്ചു. യഡിയൂരപ്പയുടെ മകൻ വിജയേന്ദ്രയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ. പാർട്ടിയുടെ പാർലമെന്ററി ബോർഡ് അംഗമായ പിതാവിനെതിരായ പോസ്‌കോ കേസ് വിജയേന്ദ്രയെയും ബുദ്ധിമുട്ടിലാക്കി. കേസ് റദ്ദാക്കണമെന്നുള്ള യഡിയൂരപ്പയുടെയും സഹായികളുടെയും ഹരജി ഹൈക്കോടതി തള്ളി. എന്നാൽ കേസിൽ നേരിട്ട് ഹാജരാകാൻ യഡിയൂരപ്പയെ വിചാരണക്കോടതി നിർബന്ധിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് യഡിയൂരപ്പ ഹരജി നൽകിയാൽ വിചാരണക്കോടതി അത് പരിഗണിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്. പോസ്കോ കേസിന്റെ നൂലാമാലകൾ വന്ദ്യവയോധികനായ യഡിയൂരപ്പയെയും ബിജെപിയെയും തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img