12:28pm 04 August 2026
NEWS
​അഴിമതി ആരോപണം നിലനിൽക്കെ അതിവേഗ പ്രൊമോഷനോ? എസ്. ശ്രീജിത്ത് ഐപിഎസിന്റെ സ്ഥാനക്കയറ്റത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
04/08/2026  08:33 AM IST
നിയമകാര്യ ലേഖകൻ
​അഴിമതി ആരോപണം നിലനിൽക്കെ അതിവേഗ പ്രൊമോഷനോ? എസ്. ശ്രീജിത്ത് ഐപിഎസിന്റെ സ്ഥാനക്കയറ്റത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: അഴിമതി ആരോപണങ്ങളിൽ അന്വേഷണവും പരാതികളും നിലനിൽക്കെ, ഐപിഎസ് ഉദ്യോഗസ്ഥൻ എസ്. ശ്രീജിത്തിന് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) പദവിയിലേക്ക് അതിവേഗം സ്ഥാനക്കയറ്റം നൽകിയ നടപടിയിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത ചോദ്യങ്ങളുമായി ഹൈക്കോടതി.
​രണ്ട് വെവ്വേറെ പരാതികൾ നിലനിൽക്കെ, പുതിയ വിജിലൻസ് ക്ലിയറൻസ് പോലും തേടാതെയാണോ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ ചോദിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരം അന്വേഷണാനുമതി വേണമെന്ന കാര്യം പരിശോധിക്കാമെന്ന് മുമ്പ് സമ്മതിച്ച സർക്കാർ, പ്രൊമോഷന് മുൻപ് അത് പുനഃപരിശോധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. കായികതാരങ്ങളായ ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവരെ പോലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിൽ മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്ന ഹർജിയാണ് കേസിനാസ്പദം.
​ ഇതിനുപുറമേ, എസ്. ശ്രീജിത്തിന്റെ അനുമതിയില്ലാത്ത ദുബായ് യാത്രയുമായി ബന്ധപ്പെട്ട് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് മുൻപ് കോടതി റദ്ദാക്കിയിരുന്നു.
​ആഗസ്റ്റ് 10-നകം തീരുമാനമെടുക്കണം
​അന്വേഷണാനുമതി (Section 17A) കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ അഭിഭാഷകൻ വീണ്ടും സമയം നീട്ടിചോദിച്ചതിനെ ഹർജിക്കാരന്റെ അഭിഭാഷകൻ ശക്തമായി എതിർത്തു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ, മൂന്ന് ദിവസം മുൻപാണ് ശ്രീജിത്തിന് പ്രൊമോഷൻ നൽകിയതെന്ന് ചൂണ്ടിക്കാട്ടി.
​തുടർന്ന്, സമയം നീട്ടിനൽകാൻ വിസമ്മതിച്ച കോടതി, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കാലതാമസം 'തന്ത്രപരം'  ആണെന്ന് നിരീക്ഷിച്ചു. സെക്ഷൻ 17എ പ്രകാരമുള്ള അനുമതിയുടെ കാര്യത്തിൽ ആഗസ്റ്റ് 10-നകം തീരുമാനമെടുക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.
​സ്ഥാനക്കയറ്റം ചട്ട ലംഘനമാണെങ്കിൽ ഹർജിക്കാരന് അതിനെതിരെ നിയമപരമായി വേറെത്തന്നെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഹർജി കൂടുതൽ വാദത്തിനായി ആഗസ്റ്റ് 10-ലേക്ക് മാറ്റി.

​(കേസ്: അഡ്വ. കെ.എം. ഷാജഹാൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള - WP(Crl.) 968/2026)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img