
കൊച്ചി:നടി നൽകിയ ലൈംഗികാതിക്രമ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ക്രിമിനൽ നടപടികൾ കേരള ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഉഭയകക്ഷി സമ്മതപ്രകാരം കേസ് ഒത്തുതീർപ്പിലെത്തിയെന്നും, പരാതി പിൻവലിക്കുന്നതായി നടി സത്യവാങ്മൂലം നൽകിയെന്നും വ്യക്തമാക്കിയാണ് കോടതി നടപടി. സംഭവത്തിൽ ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിലൂടെ നടിയോട് നിരുപാധികം മാപ്പ് പറയുകയും കേസ് പിൻവലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
കേസിന് ആസ്പദമായ സംഭവം:
കണ്ണൂർ ആലക്കോടുള്ള ചെമ്മണ്ണൂർ ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിനിടെ നടിയോട് മോശമായി പെരുമാറി, അനുവാദമില്ലാതെ കൈയിൽ പിടിച്ച് കറക്കി, നെക്ലേസ് അണിയിക്കുന്നതിനിടെ ലൈംഗിക അധിക്ഷേപം നടത്തി, പിന്നീട് സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്നിവയായിരുന്നു പരാതികൾ. ഭാരതീയ ന്യായ സംഹിതയിലെയും ഐ.ടി ആക്ടിലെയും വകുപ്പുകൾ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നത്.











