
കൊച്ചി:സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി കേസ്സുകളുടെ വേഗത്തിലുള്ള തീർപ്പിനായി തൃശൂർ, പാലക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ പുതിയ മൂന്ന് NDPS (നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) സ്പെഷ്യൽ കോടതികൾ 2026 സെപ്റ്റംബർ 10-നകം സ്ഥാപിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ലഹരി കേസുകളിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി (WP(C) 29179/2025) പരിഗണിക്കവേയാണ് ഉത്തരവ്.
എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പുതുതായി തുടങ്ങിയ NDPS കോടതികളിൽ സ്ഥിരം ജീവനക്കാരെ സെപ്റ്റംബർ 10-നകം നിയമിക്കണം.
കോടതികളുടെ പ്രവർത്തനവും ജീവനക്കാരുടെ നിയമനവും സെപ്റ്റംബർ 10-നകം പൂർത്തിയാക്കുമെന്ന് അഡ്വക്കറ്റ് ജനറൽ കെ. ജാജു ബാബു അറിയിച്ചു.
സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സെപ്റ്റംബർ 17-ന് മുൻപ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണം. കേന്ദ്ര സർക്കാരിന്റെ ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഇതിനായി വിനിയോഗിക്കാനും കോടതി നിർദേശിച്ചു.










