03:32pm 07 November 2026
NEWS
വനിതാവകാശ ചർച്ചയ്ക്കുപിന്നാലെ വധഭീഷണിയെന്ന് പരാതി; അപർണ കുറുപ്പിനും മകനും സംരക്ഷണം നൽകാൻ ഹൈക്കോടതി
07/11/2026  09:20 AM IST
നിയമകാര്യ ലേഖകൻ
വനിതാവകാശ ചർച്ചയ്ക്കുപിന്നാലെ വധഭീഷണിയെന്ന് പരാതി; അപർണ കുറുപ്പിനും മകനും സംരക്ഷണം നൽകാൻ ഹൈക്കോടതി

കൊച്ചി: വനിതകളുടെ അവകാശങ്ങളെക്കുറിച്ചുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശം വിഷയമാക്കി ടെലിവിഷൻ ചർച്ച നയിച്ചതിനുപിന്നാലെ വധഭീഷണിയും സൈബർ ആക്രമണവും നേരിടുന്നതായി പരാതിപ്പെട്ട മാധ്യമപ്രവർത്തക അപർണ കുറുപ്പിനും പ്രായപൂർത്തിയാകാത്ത മകനും ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി നിർദേശം. ഇവരുടെ ജീവനും താമസസ്ഥലത്തിനും സംരക്ഷണം ഉറപ്പാക്കാൻ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശിച്ചു.
ബിഗ് ടി.വി. ചാനലിൽ സീനിയർ കോഓർഡിനേറ്റിങ് എഡിറ്ററായ അപർണ കുറുപ്പ് നൽകിയ ഹർജിയിലാണ് നവംബർ ആറിന് കോടതി നിർദേശം നൽകിയത്. കോടതിയുടെ മുൻ ഇടക്കാല ഉത്തരവിനെത്തുടർന്ന് ഹർജിക്കാരിക്ക് പൊലീസ് സംരക്ഷണം നൽകിവരുന്നതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു. ആവശ്യാനുസരണം അവരുടെ ജീവനും താമസിക്കുന്ന അപ്പാർട്ട്മെന്റിനും മതിയായ സംരക്ഷണം നൽകാൻ പൊലീസ് സന്നദ്ധമാണെന്നും വീടിനു സമീപം നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ഏതെങ്കിലും വ്യക്തിയിൽനിന്ന് ഭീഷണിയോ ഭയപ്പെടുത്തലോ ഉണ്ടായാൽ ഹർജിക്കാരിക്ക് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി. അത്തരം സാഹചര്യങ്ങളിൽ ഹർജിക്കാരിക്കും താമസസ്ഥലത്തിനും ആവശ്യമായ സംരക്ഷണം നൽകുകയും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് കോടതി നിർദേശിച്ചു.
കാന്തപുരത്തിന്റെ വനിതാവകാശ പരാമർശവുമായി ബന്ധപ്പെട്ട് ‘ബിഗ് ഡയലോഗ്’ എന്ന ചർച്ച നയിച്ചതിനുശേഷമാണ് രൂക്ഷമായ സൈബർ ആക്രമണങ്ങളും വധഭീഷണികളും നേരിടേണ്ടിവന്നതെന്നാണ് ഹർജിയിലെ ആരോപണം. ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) ഉറപ്പുനൽകുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെ ഭാഗമായി നടത്തിയ ചർച്ചയുടെ പേരിലാണ് ആക്രമണം ഉണ്ടായതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ക്രിമിനൽ പരാതി നൽകിയിട്ടും ഭീഷണികൾ അവസാനിച്ചില്ലെന്നും കൂടുതൽ രൂക്ഷമായെന്നും ഹർജിക്കാരി ആരോപിച്ചു. തുടർന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിവേദനം നൽകിയശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്.
തന്റെയും മകന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ഭീഷണിയുടെ ഗൗരവം വിലയിരുത്താൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകുക, പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഫലപ്രദമായ അന്വേഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചത്.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി, ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കാനും ക്രമസമാധാന പ്രശ്നങ്ങൾ തടയാനും നിർദേശിച്ച് ഹർജി തീർപ്പാക്കി. ഹർജിക്കാരിക്കുവേണ്ടി അഭിഭാഷകരായ മൻസൂർ ബി.എച്ച്., സക്കീന ബീഗം എന്നിവർ ഹാജരായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img