
കൊച്ചി: ഏറെ ദിവസങ്ങളായി നീണ്ടുനിന്ന സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവ്. കൊച്ചി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെയും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്‍റ് അസോസിയേഷന്‍റെയും സംയുക്ത ഹരജിയിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. വിഷയത്തിൽ ഒത്തുതീർപ്പ് സാധ്യമാക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ഇരുകക്ഷികളെയും മീഡിയേഷൻ സെന്‍ററിൽ മധ്യസ്ഥ ചർച്ചക്ക് ഹൈകോടതി നിർദേശിച്ചിരിക്കുകയാണ്. ആശുപത്രി മാനേജ്‌മെന്‍റുകളും നഴ്സുമാരും തമ്മിലുള്ള ഏതൊരു ദീർഘകാല തർക്കവും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത് ചികിത്സ തേടുന്ന രോഗികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കും. അതിനാൽ, ആരോഗ്യ സ്ഥാപനങ്ങളുടെ തടസ്സമില്ലാത്ത പ്രവർത്തനം മുൻനിർത്തി മധ്യസ്ഥ നടപടികളെ സമീപിക്കുന്നതാണ് ഇരുവിഭാഗത്തിനും ഉചിതമെന്ന് ഹൈകോടതി വിലയിരുത്തുകയായിരുന്നു. ഇതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി നഴ്‌സസ് അസോസിയേഷൻ പണിമുടക്ക് മാറ്റിവെയ്ക്കാനും അംഗങ്ങൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നില്ലെന്നും മാർച്ച് 19 വരെ ഏതെങ്കിലും തരത്തിലുള്ള പണിമുടക്കിലോ തടസ്സത്തിലോ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Photo Courtesy - Google








