
ശബരിമല സ്വർണ്ണപ്പാളി കേസിൽ ഇനി ശാസ്ത്രീയ പരിശോധനയും. സ്വർണത്തിന്റെ നഷ്ടം കൃത്യമായി കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നൽകി. അന്വേഷണത്തിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിളുകൾ ശേഖരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ, ശ്രീകോവിലിൽ പുതിയ വാതിൽ സ്ഥാപിച്ചതും, അതിനുമുമ്പ് നടന്ന പോറ്റി ഇടപാടുകളും പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ചെന്നൈയിലെ ഇടപാടുകളുടെയും വിശദമായ വിവരങ്ങൾ അന്വേഷണത്തിനായി എസ്ഐടിക്ക് കൈമാറണമെന്ന് കോടതി വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകിയതിന് ദേവസ്വം ബോർഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പല ഇടപാടുകളിലും ദേവസ്വം അധികൃതർ ഒത്താശ ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടി. ആരെല്ലാം സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടിട്ടുണ്ടോ, അവരെ അടക്കം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.











