02:21pm 11 November 2026
NEWS
​ശബരിമലയിലെ സ്വർണ്ണം അപഹരണം: കട്ടിളപ്പടിയിലെ പാളികൾ മോഷ്ടിച്ചു, ഉണ്ണികൃഷ്ണൻ പോറ്റിക്കും ദേവസ്വം ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ കേസിന് ഹൈക്കോടതി ഉത്തരവ്


11/10/2025  11:43 AM IST
സുരേഷ് വണ്ടന്നൂർ
​ശബരിമലയിലെ സ്വർണ്ണം അപഹരണം: കട്ടിളപ്പടിയിലെ പാളികൾ മോഷ്ടിച്ചു, ഉണ്ണികൃഷ്ണൻ പോറ്റിക്കും ദേവസ്വം ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ കേസിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും ദ്വാരപാലക ശില്പങ്ങളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിലെ ക്രമക്കേടുകൾ സംബന്ധിച്ച് ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ഉത്തരവ് നൽകി. 2019-ൽ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ, കരാറുകാരനായ ഉണ്ണികൃഷ്ണൻ പോറ്റി 474.9 ഗ്രാം സ്വർണ്ണം അപഹരിച്ചതായാണ് കണ്ടെത്തൽ. മോഷണം, ക്രമക്കേട്, വിശ്വാസ വഞ്ചന എന്നിവ നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് കോടതിയുടെ നിർദ്ദേശം.

ഉദ്യോഗസ്ഥർക്കെതിരെയും നടപടി

​സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും വീഴ്ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാവുമെന്ന് ഉറപ്പായി. ഉണ്ണികൃഷ്ണൻ പോറ്റി വെറും മൂന്ന് ഗ്രാം സ്വർണ്ണം മുടക്കി 474.9 ഗ്രാം സ്വർണ്ണം തട്ടിയെടുത്തെന്ന സൂചനയാണ് ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസറും എസ്.പിയുമായ വി. സുനിൽകുമാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഇതിന് അരക്കോടിയിലധികം രൂപ വിലമതിക്കും.

​സ്വർണ്ണത്തിന്റെ അളവിലെ കുറവ്

​വിജിലൻസ് റിപ്പോർട്ട് പ്രകാരം, വാതിൽപ്പടികളിൽ നേരത്തെ ഉണ്ടായിരുന്നത് 409 ഗ്രാം സ്വർണ്ണവും ദ്വാരപാലകരിൽ 577 ഗ്രാം സ്വർണ്ണവുമാണ്. ആകെ 986 ഗ്രാം സ്വർണ്ണം ഉണ്ടായിരുന്നിടത്ത് നിലവിൽ ദ്വാരപാലകരിൽ 394.9 ഗ്രാമും വാതിൽപ്പടികളിൽ 184 ഗ്രാമും സ്വർണ്ണം മാത്രമാണ് അവശേഷിക്കുന്നത്.

​അന്വേഷണം ആറാഴ്ചക്കുള്ളിൽ പൂർത്തിയാക്കണം

​ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ആറാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ കോടതിയിൽ സമർപ്പിക്കണം. അന്വേഷണം പൂർത്തിയാകുന്നതുവരെ പൊതുജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും വിവരം നൽകരുതെന്നും കോടതി നിർദ്ദേശിച്ചു. ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിയെ കക്ഷിചേർത്തിട്ടുണ്ട്.

​'ചെമ്പാക്കിയ' മഹസറിൽ തന്ത്രിയും ഒപ്പിട്ടു

​കട്ടിളയിലെ സ്വർണ്ണപ്പാളികൾ 'ചെമ്പുപാളികൾ' എന്ന് രേഖപ്പെടുത്തിയാണ് പോറ്റിക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്ന് വിജിലൻസ് റിപ്പോർട്ട് പ്രകാരം കോടതി കണ്ടെത്തി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിന് മാസങ്ങൾക്ക് മുമ്പായിരുന്നു വാതിൽപ്പടിയിലെ മോഷണം നടന്നത്. അതിനാൽ, വാതിൽപ്പടിയിലെ ലിന്റലുകൾ സംബന്ധിച്ചും അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചു.
​2019 മേയ് 18-ന് തയ്യാറാക്കിയ മഹസറിൽ തന്ത്രി കണ്ഠരര് രാജീവര്, അന്നത്തെ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു എന്നിവർ ഒപ്പുവച്ചിരുന്നു. സ്വർണ്ണം മോഷ്ടിക്കുകയും ക്രമക്കേട് നടത്തുകയും ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഹൈക്കോടതിയുടെ കർശന നിലപാട് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img