01:10am 30 April 2026
NEWS
ഹൈക്കോടതി ജഡ്ജിമാർ സുപ്രീം കോടതി ജഡ്ജിമാർക്ക് തുല്യം: സുപ്രീം കോടതി
12/08/2025  09:01 AM IST
അഡ്വ.സുരേഷ് വണ്ടന്നൂർ
ഹൈക്കോടതി ജഡ്ജിമാർ സുപ്രീം കോടതി ജഡ്ജിമാർക്ക് തുല്യം: സുപ്രീം കോടതി

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാരും സുപ്രീം കോടതി ജഡ്ജിമാരും പദവിയിലും ഭരണഘടനാപരമായ അധികാരങ്ങളിലും തുല്യരാണെന്ന് സുപ്രീം കോടതി. സുപ്രീം കോടതിക്ക് ഹൈക്കോടതികളുടെ വിധികൾ പുനഃപരിശോധിക്കാൻ കഴിയുമെങ്കിലും, അവയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്. തെലങ്കാന ഹൈക്കോടതി ജഡ്ജിക്കെതിരെ ചില അഭിഭാഷകർ നടത്തിയ അപകീർത്തിപരമായ പരാമർശങ്ങൾ പരിഗണിക്കുകയായിരുന്നു കോടതി. ഈ വിഷയത്തിൽ, ആരോപണങ്ങൾ ഉന്നയിച്ച അഭിഭാഷകർ ജഡ്ജിയോട് നിരുപാധികം മാപ്പ് പറയണമെന്നും കോടതി നിർദ്ദേശിച്ചു.

"ഹൈക്കോടതി ജഡ്ജിമാരും ഭരണഘടനാ പദവിയിലുള്ളവരാണ്. സുപ്രീം കോടതി ജഡ്ജിമാർക്കുള്ള അതേ അധികാരാവകാശങ്ങളും അവർക്കുണ്ട്. ഭരണഘടനാപരമായ അധികാരങ്ങളുടെ കാര്യത്തിൽ സുപ്രീം കോടതി ജഡ്ജിമാരേക്കാൾ ഒട്ടും താഴെയല്ല ഹൈക്കോടതി ജഡ്ജിമാർ," ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം, കഴിഞ്ഞ ആഴ്ച അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ക്രിമിനൽ കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് വിലക്കിയ സുപ്രീം കോടതിയുടെ നടപടി വിവാദമായിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടർന്ന് ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ, ഹൈക്കോടതികളുടെ അന്തസ്സും അധികാരവും സംരക്ഷിക്കേണ്ടത് സുപ്രീം കോടതിയുടെ ഉത്തരവാദിത്തമാണെന്ന ഈ പുതിയ നിരീക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്നു. ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ഇത്തരം അപകീർത്തിപരമായ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ, അവരെ സംരക്ഷിക്കേണ്ടത് സുപ്രീം കോടതിയുടെ കടമയാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img