
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഇന്ന് കേസ് കേൾക്കുന്നതിൽ നിന്ന് വിട്ടുനിന്നത്. രാവിലെ ഹർജി പരിഗണിക്കവെയാണ് താൻ കേസിൽ നിന്ന് പിന്മാറുന്നതായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചത്. ഇതോടെ ഹർജി ഇനി മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റും.
മുമ്പ് കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ഹർജിയിൽ നിന്ന് പിന്മാറിയിരുന്നു. ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറായിരിക്കെ അതിജീവിതയുടെ പരാതി സംബന്ധിച്ച നടപടികളിൽ പങ്കുണ്ടായിരുന്നുവെന്ന കാരണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതേസമയം, മെമ്മറി കാർഡ് വിഷയത്തിൽ നേരത്തെ നടപടികൾ കൈകാര്യം ചെയ്ത എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ജഡ്ജിയായിരുന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയതെന്നാണ് സൂചന.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് മൂന്ന് തവണ തുറന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അങ്കമാലി മുൻ മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ കോടതിയിലെ ബെഞ്ച് ക്ലർക്ക് മഹേഷ് മോഹൻ, വിചാരണക്കോടതി ശിരസ്തദാർ താജുദീൻ എന്നിവർ കാർഡ് അനധികൃതമായി പരിശോധിച്ചെന്നാണ് എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ റിപ്പോർട്ട് വസ്തുതാപരമായും നിയമപരമായും നിലനിൽക്കുന്നതല്ലെന്ന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സൈബർ ഫൊറൻസിക് വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ പുനരന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ വഴിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
തന്റെ സ്വകാര്യത ഗുരുതരമായി ലംഘിക്കപ്പെട്ടിട്ടും ഉത്തരവാദികൾക്കെതിരെ ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നുവെന്നുമാണ് അതിജീവിതയുടെ ആരോപണം. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പകർത്തപ്പെട്ടിട്ടുണ്ടോ, മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ അന്വേഷണസംഘം തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.
ദൃശ്യങ്ങൾ കണ്ട മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടുവെന്ന ജീവനക്കാരുടെ മൊഴികൾ അതേപടി അംഗീകരിച്ചെങ്കിലും അവ കണ്ടെത്താൻ ശ്രമിച്ചില്ലെന്നും, ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് മാസങ്ങളോളം കോടതി ജീവനക്കാരന്റെ കൈവശം അനധികൃതമായി ഉണ്ടായിരുന്നിട്ടും തുടർനടപടികൾ സ്വീകരിച്ചില്ലെന്നും അതിജീവിത ആരോപിക്കുന്നു. അന്വേഷണത്തിൽ നിന്ന് തന്നെ മനഃപൂർവം അകറ്റിനിർത്തുകയും ആവശ്യമായ രേഖകളും മൊഴിപ്പകർപ്പുകളും നൽകാതിരിക്കുകയും ചെയ്തുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ട കേസിന് തുടക്കമായ സംഭവം നടന്നത്. കേസിൽ ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടിരുന്നു. ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ആദ്യ ആറു പ്രതികൾക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് മെമ്മറി കാർഡ് വിഷയത്തിൽ അതിജീവിത വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.










