
കൊച്ചി: വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും കസ്റ്റഡി പീഡനങ്ങൾ തടയുന്നതിനുമായി നിർണായക മാർഗ്ഗനിർദ്ദേശങ്ങളുമായി കേരള ഹൈക്കോടതി. അറസ്റ്റിലാകുന്ന വ്യക്തികളെ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ചരിത്രപരമായ വ്യക്തത വരുത്തിയത്.
കൊച്ചി ഹൈക്കോടതി വളപ്പിൽ പുറപ്പെടുവിച്ച ഈ ഉത്തരവ് അന്വേഷണ ഏജൻസികളുടെയും പോലീസിന്റെയും കസ്റ്റഡി നടപടികളിൽ വലിയ മാറ്റത്തിന് വഴിവെക്കും.
വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കാൻ 5 പ്രധാന നിർദ്ദേശങ്ങൾ:
കസ്റ്റഡി സമയം മുതൽ കണക്ക്: ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മാത്രമല്ല, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതൽ തന്നെ 24 മണിക്കൂർ സമയം ആരംഭിക്കും. നിയമപരമായ മുൻകൂർ കസ്റ്റഡി അധികാരമില്ലാത്ത സന്ദർഭങ്ങളിൽ അനാവശ്യമായി തടഞ്ഞുവെക്കുന്ന സമയവും ഇതിൽ ഉൾപ്പെടും.
റജിസ്റ്ററിൽ സമയം നിർബന്ധം: കസ്റ്റഡിയിലെടുത്ത സമയവും ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയ സമയവും കേസ് ഡയറിയിലും രജിസ്റ്ററുകളിലും കൃത്യമായി രേഖപ്പെടുത്തണം.
അറസ്റ്റ് വിവരവും കാരണവും നൽകണം: അറസ്റ്റിനുള്ള കാരണം പ്രതിയെ ബോധ്യപ്പെടുത്തുന്നതിനൊപ്പം ബന്ധുവിനെയോ പ്രതി നിർദ്ദേശിക്കുന്ന ആളെയോ ഉടനടി വിവരമറിയിക്കണം.
ട്രാൻസിറ്റ് റിമാൻഡ്: സ്വന്തം അധികാരപരിധിക്ക് പുറത്തുനിന്നാണ് അറസ്റ്റ് എങ്കിൽ നിർബന്ധമായും പ്രാദേശിക മജിസ്‌ട്രേറ്റിൽ നിന്ന് ട്രാൻസിറ്റ് റിമാൻഡ് നേടിയിരിക്കണം.
മജിസ്‌ട്രേറ്റുമാരുടെ പരിശോധന: ഭരണഘടനയുടെ അനുച്ഛേദം 22(1), 22(2) എന്നിവയും പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് റിമാൻഡ് വേളയിൽ മജിസ്‌ട്രേറ്റ്‌മാർ ഉറപ്പുവരുത്തണം. ലംഘനം കണ്ടാൽ അത് ഉത്തരവിൽ രേഖപ്പെടുത്തുകയും പ്രതിക്ക് ജാമ്യത്തിന് വഴിതുറക്കുകയും ചെയ്യും.
എൻ.ഡി.പി.എസ് (NDPS) കേസുകൾ ഉൾപ്പെടെയുള്ള ജാമ്യാപേക്ഷകൾ (അരുൺ കെ. തോമസ് വി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ) പരിഗണിക്കവെയാണ് ഈ സുപ്രധാന വിധി. ഔദ്യോഗിക അറസ്റ്റിന് മുൻപ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചതായി തെളിഞ്ഞ ഒരു പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
ഉത്തരവിന്റെ പകർപ്പ് സംസ്ഥാന പോലീസ് മേധാവിക്കും കേരളത്തിലെ മുഴുവൻ ക്രിമിനൽ കോടതികൾക്കും അടിയന്തരമായി കൈമാറാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി.










