
കൊച്ചി: ആരോഗ്യ സെക്രട്ടറിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഹൈക്കോടതി. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയെ ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഉത്തരവ്. ഭിന്നശേഷിക്കാരനായ ഡോക്ടർക്ക് പ്രൊമോഷൻ നൽകണമെന്ന ഉത്തരവിറക്കാത്ത സംഭവത്തിലാണ് ഡിവിഷൻ ബെഞ്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ആരോഗ്യ വിഭാഗം അസി. ഡയറക്ടർ ഡോ. ബി ഉണ്ണികൃഷ്ണൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, സി ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നൽകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ വിധി. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലും പുനപരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി. തുടർന്നാണ് ഉത്തരവിറക്കാൻ കഴിഞ്ഞ സെപ്തംബറിൽ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയത്.
എന്നാൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവ് മറികടന്ന് ആരോഗ്യ വകുപ്പ് മറ്റൊരു തീരുമാനമെടുത്തു. ഉത്തരവ് റദ്ദാക്കി ഡോ. ബി ഉണ്ണികൃഷ്ണന് അനുകൂല തീരുമാനമെടുക്കണമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല. തുടർന്നാണ് കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, സി ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻറെ അറസ്റ്റ് വാറണ്ട്.











