
ന്യൂഡൽഹി: സെഷൻസ് കോടതി ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ചാലും ഹൈക്കോടതിക്ക് അവരുടെ അധികാരമുപയോഗിച്ച് അത് റദ്ദാക്കാമെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടം (CrPC) സെക്ഷൻ 439(2) പ്രകാരം സെഷൻസ് കോടതി ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ചാലും, 439(2) CrPC സെക്ഷൻ 482 മായി ചേർത്ത് വായിച്ച് ഹൈക്കോടതിക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ജാമ്യം റദ്ദാക്കാം.
ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സെഷൻസ് കോടതി ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ചാൽ റിവിഷൻ ഹർജി മാത്രമാണ് ഏക പോംവഴിയെന്ന വാദം കോടതി തള്ളി. ഹൈക്കോടതിക്ക് ഈ വിഷയത്തിൽ ഇടപെടാൻ പൂർണ്ണ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, ഈ നിയമതത്വം ശരിവെച്ചപ്പോഴും, നിലവിലെ കേസിൽ കേരള ഹൈക്കോടതി ജാമ്യം റദ്ദാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കി. കൂടാതെ, ഒരാളുടെ ക്രിമിനൽ പശ്ചാത്തലം മാത്രം ജാമ്യം റദ്ദാക്കാൻ കാരണമായി കണക്കാക്കരുതെന്നും കോടതി നിരീക്ഷിച്ചു.











