
കൊച്ചി: പോക്സോ കേസുകളിലെ ഇരകളായ പെൺകുട്ടികളുടെ പേരുവിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയെന്ന കേസിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ ഐ.പി.എസിന് ആശ്വാസം. ശ്രീലേഖയ്ക്കെതിരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റേതാണ് ഉത്തരവ്.
തന്റെ യൂട്യൂബ് ചാനലിലൂടെയും ബ്ലോഗിലൂടെയും മൂന്ന് വ്യത്യസ്ത ലൈംഗികാതിക്രമ കേസുകളിലെ ഇരകളായ മൈനർ പെൺകുട്ടികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടെന്ന പരാതിയിലാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്. പോക്സോ നിയമപ്രകാരം ഇരകളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കൂടിയായ ശ്രീലേഖയ്ക്ക് കോടതിയുടെ ഉത്തരവോടെ അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം ലഭിക്കും. എന്നാൽ കേസിന്റെ അന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാം.











