08:59am 27 October 2026
NEWS
നിയമപോരാട്ടത്തിൽ പിണറായിക്ക് താത്കാലിക ആശ്വാസം; മാസപ്പടിക്കേസ് അന്വേഷണം മരവിപ്പിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
27/10/2026  07:54 AM IST
നിയമകാര്യ ലേഖകൻ
നിയമപോരാട്ടത്തിൽ പിണറായിക്ക് താത്കാലിക ആശ്വാസം; മാസപ്പടിക്കേസ് അന്വേഷണം മരവിപ്പിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി മരവിപ്പിച്ചു. അന്വേഷണത്തിലേക്കു നയിച്ച സിംഗിൾ ബെഞ്ച് ഉത്തരവാണ് സ്റ്റേ ചെയ്തത്. പിണറായി അടക്കം നൽകിയ അപ്പീലുകൾ ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഇനിയൊരു ഉത്തരവുവരെ അന്വേഷണം തടഞ്ഞെങ്കിലും എഫ്.ഐ.ആർ നിലനിൽക്കും. അപ്പീലുകളിൽ നവംബർ 25ന് വിശദവാദം കേൾക്കും.
​തങ്ങളെ കേൾക്കാതെയാണ് സിംഗിൾബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാദമാണ് പിണറായിക്കു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര അടക്കം പ്രധാനമായും ഉന്നയിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച്,​ അന്വേഷണ ഉദ്യോഗസ്ഥന്റെ റോൾ എടുത്തെന്നും ഇ.ഡി റിപ്പോർട്ടിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള വസ്തുതകളില്ലെന്നും വാദിച്ചു.
​ഇ.ഡിയുടെ കത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ അഡ്വക്കേറ്റ് ജനറൽ ജാജു ബാബു ന്യായീകരിച്ചു. സിംഗിൾബെഞ്ച് ഉത്തരവിനോട് സർക്കാരിന് വിയോജിപ്പുണ്ടോ എന്ന് കോടതി ആരാഞ്ഞു. വിയോജിപ്പുണ്ടെങ്കിലും തുടക്കം കുറിച്ച അന്വേഷണം തടയരുതെന്ന് എ.ജി പറഞ്ഞു.
​സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇ.ഡി കൈമാറിയ റിപ്പോർട്ട് ഉൾപ്പെടെ പരിഗണിച്ചാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നത്. അഡ്വ. കെ.എം. ഷാജഹാന്റെ ഹർജിയിലായിരുന്നു നടപടി. ഇതിനെതിരെ പിണറായി ഉൾപ്പെടെ നൽകിയ അപ്പീലുകൾക്ക് ഡിവിഷൻ ബെഞ്ച് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് അപ്പീൽ വീണ്ടും പരിഗണനയ്‌ക്കു വന്നത്.
​"രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ചയാളാണ് ഞാൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകും"
— പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img