
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നുവെന്ന വിചാരണക്കോടതി ജഡ്ജിയുടെ പരാമർശത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ പരിഗണിക്കുന്നതിനിടെയാണ് ടി.ബി. മിനിക്കെതിരെ വിചാരണക്കോടതി ജഡ്ജി ചില പരാമർശങ്ങൾ നടത്തിയത്. അതിജീവിതയുടെ അഭിഭാഷക എവിടെയാണെന്ന് കോടതി ചോദിച്ചതിനു പിന്നാലെ, അവർ പത്ത് ദിവസം മാത്രമാണ് കോടതിയിൽ ഹാജരായതെന്നും പല ദിവസങ്ങളിലും കോടതിയിൽ ഉറങ്ങുകയായിരുന്നുവെന്നും ജഡ്ജി പറഞ്ഞിരുന്നു.
പരാമർശം പുറത്തുവന്നതോടെ അഭിഭാഷകയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായി. ഇത് തനിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് കാരണമായെന്നുമാണ് ടി.ബി. മിനി ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
സംഭവത്തിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് ടി.ബി. മിനി നേരത്തെ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി അഡ്വക്കേറ്റ് ജനറലിനെയും സമീപിച്ചു. എന്നാൽ ജഡ്ജിയുടെ പരാമർശം കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരില്ലെന്ന നിലപാടാണ് അഡ്വക്കേറ്റ് ജനറലിന്റെ ഭാഗത്തുനിന്ന് ലഭിച്ചത്.
ഇതിനു പിന്നാലെയാണ് വിചാരണക്കോടതി ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇപ്പോൾ തള്ളിയത്.










