10:02am 30 April 2026
NEWS
സ്വന്തം രാജ്യത്തെ സ്നേഹിക്കാൻ സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി
26/07/2025  04:37 AM IST
nila
സ്വന്തം രാജ്യത്തെ സ്നേഹിക്കാൻ സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

മുംബൈ: ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിപിഎമ്മിനോട് നിർദ്ദേശിച്ച് ബോംബെ ഹൈക്കോടതി. സ്വന്തം രാജ്യത്തെ സ്നേഹിക്കാനും കോടതി പാർട്ടിയെ ഉപദേശിച്ചു. ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരായ പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ സിപിഎം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ പരാമർശം. ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള വിഷയത്തിൽ ഇടപെടുന്നതിനു പകരം സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ  ശ്രമിക്കണമെന്നും ഹൈക്കോടതി സിപിഎമ്മിനെ ഉപദേശിച്ചു. ദേശസ്നേഹികളാണെങ്കിൽ മലിനീകരണം, പ്രളയം അടക്കമുള്ള പ്രശ്നങ്ങളിൽ ഇടപെടണമെന്നും ഹർജി തള്ളിക്കൊണ്ട്  ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

ഗാസയിലെ ‘വംശഹത്യ’യിൽ പ്രതിഷേധിച്ച് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാൻ ഗ്രൗണ്ടിൽ റാലി നടത്താൻ ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന് കഴിഞ്ഞമാസം പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സിപിഎം കോടതിയെ സമീപിച്ചത്. ക്രമസമാധാനപ്രശ്നത്തിന് കാരണമാകുമെന്ന് പറഞ്ഞാണ് പോലീസ് അനുമതി നിഷേധിച്ചതെന്ന് സിപിഎമ്മിനുവേണ്ടി ഹാജരായ അഭിഭാഷകൻ മിഹിർ ദേശായി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ഇത്തരം പരിപാടികൾക്കായി വേർതിരിച്ച സ്ഥലത്ത് പ്രകടനം നടത്താൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുടെപേരിൽ അനുമതി നിഷേധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, കോടതി ഈ വാദം അംഗീകരിച്ചില്ല.

അതേസമയം, കോടതി വിധിയെ വിമർശിച്ച് സിപിഎം രം​ഗത്തെത്തി. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെയും പലസ്തീൻ സ്വാതന്ത്ര്യത്തിന്‌ ഇന്ത്യ നൽകുന്ന പരമ്പരാഗത പിന്തുണയെയും കോടതി അവഗണിച്ചെന്നായിരുന്നു സിപിഎം വിമർശിച്ചത്. രാഷ്ട്രീയ പാർട്ടിയുടെ അവകാശങ്ങളെക്കുറിച്ചും പലസ്തീനികളോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യത്തെക്കുറിച്ചും ബെഞ്ചിന് അറിയില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ബോംബെ ഹൈക്കോടതിയുടേത് പക്ഷപാതപരമായ നിലപാടാണെന്നും പാർട്ടി കുറ്റപ്പെടുത്തി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img